Spread the love
കുടമാറ്റത്തിന്റെ വർണചാരുതയിൽ തൂത പൂരം ആഘോഷിച്ചു

ചെർപ്പുളശ്ശേരി: തൂതപ്പുഴയോരത്ത് കാഴ്ച വിരുന്നൊരുക്കി തൂത ഭഗവതി ക്ഷേത്രത്തിലെ പൂരം പെയ്തിറങ്ങി. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷം പൂരം ആഘോഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇരട്ടി ആവേശത്തോടെയായിരുന്നു തട്ടകദേശക്കാൻ പൂരത്തെ വരവേറ്റത്. പുലർച്ചെ ആറാട്ടിന് ശേഷം വഴിപാട് പൂരങ്ങളുടെ എഴുന്നെള്ളിപ്പോടെ ചടങ്ങുകൾ തുടങ്ങി

ഉച്ചയ്ക്ക് തിടമ്പ് പൂജ കഴിഞ്ഞ് പൂരപ്പറമ്പിൽ തായമ്പക, വേല, പാനയടിയന്തരം എന്നിവയ്ക്കു ശേഷം വൈകീട്ട് 4 മണിയോടെ ദേശ പൂരങ്ങൾ കാവിലേക്ക് എഴുന്നെള്ളി. തട്ടകത്തെ 26 ദേശങ്ങളിൽ നിന്നായി തിടമ്പേന്തിയ 30 ഗജവീരന്മാർ വാദ്യാഘോഷങ്ങളുടെ അകമ്പടിയിൽ പൂരപ്പറമ്പിൽ എ,ബി വിഭാഗങ്ങളായി മുഖാമുഖം അണിനിരന്നതോടെ ആവേശം തിരതല്ലി. തുടർന്ന് തൃശൂർ പൂരത്തെ അനുസ്മരിച്ചുകൊണ്ടുള്ള വർണചാരുതയാർന്ന കുടമാറ്റം നടന്നു.

പെരിങ്ങോട് ഹൈസ്‌കൂൾ സീനിയർ ടീമിന്റെ പഞ്ചവാദ്യവും പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ നടന്ന നാഗത്തറ മേളവും പകൽപ്പൂരത്തിന് പകിട്ടേകി. തുടർന്ന് എഴുന്നെള്ളിപ്പുകൾ കാവിറങ്ങിയതോടെ പകൽപ്പൂരം സമാപിച്ചു. ഇന്ന് ചവിട്ടുകളി രാവിലെ കൂത്ത് സമാപനം ഹരിജൻ വേല വരവ് എന്നിവക്ക് ശേഷം ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

Leave a Reply