Spread the love

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ്.

വിവിധ ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഉദ്യോഗസ്ഥരെ കാണുന്നതിൽ കാലതാമസമുണ്ടാകാൻ പാടില്ല. സ്റ്റേഷനിൽ നിന്നുള്ള സേവനം എത്രയും വേഗം നൽകുന്നു എന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉറപ്പാക്കണമെന്നും എസ്എച്ച്ഒയുടെ അഭാവത്തിൽ സ്റ്റേഷനിൽ എത്തുന്നവരുടെ പരാതികൾ കേൾക്കുവാൻ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും ഡിജിപി നിർദേശം നൽകി.

പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ കൈപ്പറ്റ് രസീത് നല്‍കണം. പരാതി കൊഗ്നൈസബിള്‍ അല്ലെങ്കിൽ പ്രാഥമിക അന്വേഷണത്തിനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും ആ ഉദ്യോഗസ്ഥന്റെ പേര് വിവരം പരാതിക്കാരനെ അറിയിക്കണം എന്നും നിർദേശത്തിൽ പറയുന്നു. പരാതി കൊഗ്നൈസബിള്‍ ആണെങ്കില്‍ ഉടനടി കേസ് രജിസ്റ്റര്‍ ചെയ്യുകയും എഫ്ഐആറിന്റെ പകര്‍പ്പ്, പരാതിക്കാരന് സൗജന്യമായി നല്‍കുകയും വേണം.

കേസിൽ പ്രതികളെ അറസ്റ്റ് ചെയ്താൽ അത് പരാതിക്കാരനെ അറിയിക്കണം. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയാല്‍ ആ വിവരവും അറിയിക്കണം. സ്റ്റേഷനിലെത്തുന്ന മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും പ്രത്യേക പരിഗണന നൽകണമെന്നും അവരുടെ പരാതിയിന്മേൽ കാലതാമസമില്ലാതെ നടപടി സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

പൊലീസ് സ്റ്റേഷനിലെത്തുന്നവരെ ആവശ്യങ്ങൾ മാനിച്ച് അവരെ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിക്കേണ്ട ചുമതല സ്റ്റേഷനിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറുടേതാണ്. ഇവർ പരാതിയിൽ നേരിട്ട് അന്വേഷണം നടത്തുകയോ പരിഹാരം നിർദേശിക്കുകയോ ചെയ്യരുത്. പിആർഒമാർ തങ്ങളുടെ ചുമതല നിർവഹിക്കുന്നുണ്ടെന്ന് എസ്എച്ച്ഒമാർ ഉറപ്പ് വരുത്തണം. ഔദ്യോഗിക ഫോണിൽ വരുന്ന കോളുകൾ എല്ലാം സ്വീകരിക്കണം. കോൾ ഡൈവർട്ട് ചെയ്യാൻ പാടില്ല.

എസ്എച്ച്ഒമാർ പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണം. ക്യാമറകൾ പ്രവർത്തിക്കാത്ത പക്ഷം ജില്ലാ പൊലീസ് മേധാവിമാരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും ഉറപ്പുവരുത്തണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുമെന്നും ഡിജിപിയുടെ നിർദേശത്തിൽ പറയുന്നു.

Leave a Reply