സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്. ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവര്‍ ആണെന്നും ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണ് എന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട സംവിധായകരെ താരങ്ങള്‍ പിന്തുണച്ചതിനെക്കുറിച്ച് അറിയില്ലെന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ച കേസിൽ സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു ഇവരിൽ നിന്നും പിടിച്ചെടുത്തത്. മറ്റൊരു സംഭവത്തിൽ ഫ്‌ളാറ്റിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് റാപ്പർ വേടനും ഒപ്പമുണ്ടായിരുന്ന 9 പേരും അറസ്റ്റിലായിരുന്നു. ആറ് ഗ്രാം കഞ്ചാവായിരുന്നു ഇവരിൽ നിന്നും കണ്ടെത്തിയത്. ഈ കേസുകളിൽ ഇവർക്ക് സ്‌റ്റേഷൻ ജാമ്യം ലഭിച്ചിട്ടുണ്ട്. അതേസമയം, ഖാലിദ് റഹ്മാനെ പിന്തുണച്ചുകൊണ്ട് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും ഇതിന് പിന്തുണയുമായി വിവിധ സിനിമാതാരങ്ങള്‍ രംഗത്തുവന്നതും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.