അഗ്നിപഥ് പദ്ധതിയിക്കെതിരായ സമരത്തിൽ പങ്കെടുക്കുന്ന പ്രതിരോധ ഉദ്യോഗാർത്ഥികൾ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്ന് എയർ ചീഫ് മാർഷൽ വി.ആർ ചൗധരി. അഗ്നിപഥിന്റെ അവസാന ഘട്ടം പോലീസ് വേരിഫിക്കേഷനാണു. വേരിഫിക്കേഷൻ സമയത്ത് ആരെങ്കിലും സമരത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് വ്യക്തമായാൽ അവർക്ക് ക്ലിയറൻസ് ലഭിക്കില്ലെന്ന് വി.ആർ ചൗധരി പറഞ്ഞു. പദ്ധതിയ്‌ക്കെതിരെ യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോൾ ഇത്രയും അക്രമാസക്തമായ തിരിച്ചടി താൻ പ്രതീക്ഷിച്ചില്ലെന്നും അക്രമത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി അഗ്നിപഥ് ഹ്രസ്വകാല റിക്രൂട്ട്മെന്റ് സ്‌കീംനായുള്ള പദ്ധതിയും മാർഗ്ഗരേഖയും തയ്യാറാക്കി വരിയാണ്. സായുധ സേനയുടെ പ്രായപരിധി 30ൽ നിന്ന് 25 വയസ്സായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും സിഎഎസ് വിശദീകരിച്ചു. നാലുവർഷത്തെ കാലാവധിക്കുശേഷം പിരിച്ചുവിടപ്പെടുന്നവർ രാജ്യത്തെ സേവിക്കുക മാത്രമല്ല ചെയ്യുന്നത്. അവരുടെ സ്വഭാവ സവിശേഷതയിലും മാറ്റമുണ്ടാകുമെന്ന് വി.ആർ ചൗധരി വ്യക്തമാക്കി.
പദ്ധതി ഒരിക്കലും പിൻവലിക്കില്ലെന്നും അഗ്നിപഥ് നടപ്പിലാക്കിയ ശേഷം മാറ്റങ്ങൾ ആവശ്യമാണോ എന്നകാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയ്ക്ക് കീഴിലുള്ള എയർഫോഴ്‌സിന്റെ റിക്രൂട്ട്‌മെന്റ് 24 മുതൽ ആരംഭിക്കും. 17 വയസ്സ് കഴിഞ്ഞവർ മുതൽ 21 വയസ്സുവരെയുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ് അഗ്നിപഥ് പദ്ധതി.നാലു വർഷത്തെ സേവനത്തിൽ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം മുപ്പതിനായിരം രൂപ മുതൽ 40, 000 രൂപ വരെ പ്രതിമാസ ശമ്പളമായി ലഭിക്കും. നാല് വർഷത്തിന് ശേഷം മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേയ്ക്ക് നിയമിക്കും. ആറ് മാസത്തെ പരിശീലനത്തിന് ശേഷമാകും നാല് വർഷത്തെ നിയമനം. 45,000 പേരെയാണ് നാല് വർഷത്തെ സേവനത്തിനായി ഉടൻ റിക്രൂട്ട് ചെയ്യുക.