രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന യാത്രക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിസിഎ നിർദേശിച്ചു. മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോകാള്‍ പാലിക്കാതെയും എത്തുന്ന യാത്രക്കാരെ വിമാനം പുറപ്പെടും മുമ്പ് പുറത്താക്കുമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു. നേരത്തെ കോവിഡ് പൂര്‍ണമായും ഒഴിവായിട്ടില്ലെന്നും ഇനിയും രോഗബാധ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും ഇത്തരക്കാരെ വിമാനയാത്ര നടത്താന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.മാസ്ക് ധരിക്കൽ, കൈ ശുചിത്വ മാനദണ്ഡങ്ങൾ എന്നിവ പാലിക്കാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ എയർഹോസ്റ്റസുമാർ, ക്യാപ്റ്റൻമാർ, പൈലറ്റുമാർ എന്നിവരുൾപ്പെടെ വിമാനത്താവളങ്ങളിലെയും വിമാനങ്ങളിലെയും ജീവനക്കാർക്ക് പ്രത്യേകം നിർദേശം നൽകണമെന്നും കോടതി നിർദേശിച്ചു.