ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് സിനിമാ തിയേറ്ററിൽ പ്രവേശിക്കാം
ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവരെ സിനിമാ തിയേറ്ററിൽ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിയേറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സ്കൂൾ തുറന്നത് നല്ല പ്രതികരണമുണ്ടാക്കി. ഇക്കാര്യത്തിൽ നേരത്തെയുണ്ടായ ആശങ്ക ഇപ്പോഴില്ല. ആദ്യ ദിവസം 80 ശതമാനം കുട്ടികളാണ് സംസ്ഥാനതലത്തിൽ ഹാജരായത്. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളെ ഡോക്ടർമാർ സ്കൂളിൽ സന്ദർശിച്ച് അതതു ഘട്ടങ്ങളിൽ പരിശോധിക്കണം. അത് കോവിഡ് ഭീതി അകറ്റും. ഏറെക്കാലത്തിനു ശേഷം സ്കൂളിൽ വരുന്ന കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ അധ്യാപകർ ശ്രദ്ധിക്കണം.
അതതു സ്ഥലത്തെ സാഹചര്യം നോക്കി മാത്രം സെക്ടറൽ മജിസ്ട്രേറ്റുമാരെ നിലനിർത്തിയാൽ മതി.
കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്ക് അടച്ചിട്ട മുറികളിൽ നൂറു പേരെയും അല്ലാത്തിടത്ത് 200 പേരെയും പങ്കെടുപ്പിക്കാം.
ടെക്നിക്കൽ ഹൈസ്കൂളുകളിലെ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ജനറൽ വർക് ഷോപ്പിനുള്ള പ്രായോഗിക പരിശീലനത്തിനും എഞ്ചിനീയറിംഗ് ഡ്രോയിംഗിൽ പ്രാക്ടിക്കൽ ക്ലാസ്സ് നൽകുന്നതിനും സ്കൂളുകളിൽ പ്രവേശിപ്പിക്കും. 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് എൻ.എസ്.ക്യൂ.എഫ്. സ്കൂൾതല പ്രായോഗിക പരിശീലനം നൽകുന്നതിനും പ്രാഥമിക പരിശീലന ക്ലാസ്സുകൾ നടത്തുന്നതിനും അനുവാദം നൽകും. ആവശ്യമുള്ളിടത്ത് പ്രാക്ടിക്കൽ ക്ലാസ്സുകൾ ആരംഭിക്കാവുന്നതാണ്.
കോവിഡേതര വൈറസുകളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി ഉണ്ടാക്കുന്ന അതിശയോക്തി കലർന്ന റിപ്പോർട്ടുകൾ രക്ഷിതാക്കൾ കണക്കിലെടുക്കരുത്.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് മണ്ണൊലിപ്പ് ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട ധനസഹായ വിതരണം ഓൺലൈനായി ശനിയാഴ്ചയോടെ നിലവിൽ വരും.
ആരോഗ്യമേഖലയിൽ ആവശ്യത്തിനുള്ള ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടെത്തുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, വീണാജോർജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.