Spread the love
കോവിഡ് ലക്ഷണങ്ങളുള്ളവര്‍ സ്കൂളില്‍ പോകരുത് ; ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.

തിരു.: സംസ്ഥാനം ഇപ്പോഴും പൂര്‍ണ്ണ തോതില്‍ കോവിഡില്‍ നിന്നും മുക്തമല്ലാത്ത സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്കൂളില്‍ പോകരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരോ ഒരു കാരണവശാലും സ്കൂളില്‍ പോകരുത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അനദ്ധ്യാപകരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം.

എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിലോ, ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
നനഞ്ഞതോ കേടായതോ ആയ മാസ്ക് ധരിക്കരുത്. യാത്രകളിലും സ്കൂളിലും ആരും മാസ്ക് താഴ്ത്തി സംസാരിക്കുകയും അരുത്. കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കാന്‍ പാടില്ല. അദ്ധ്യാപകരും ജീവനക്കാരും 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്സിൻ എടുത്തിരിക്കണം. വെള്ളിയാഴ്ചകളില്‍ ഡ്രൈ ഡേ ആചരിക്കണം. പാഴ്.വസ്തുക്കളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ കൊടുത്തു വിടുക. ശൗചാലയത്തില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുക. വീട്ടിലെത്തിയ ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടിലെ പ്രായമായവരോടും അസുഖബാധിതരോടും അടുത്ത് ഇടപഴകരുതെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്.

Leave a Reply