കാസർകോട്∙ യുവാവിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പതിനാറുകാരി മരിച്ചു. കാസർകോട് ബദിയടുക്കയിലാണ് സംഭവം. അടുപ്പം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഭീഷണിപ്പെടുത്തിയ മൊഗ്രാൽ സ്വദേശി അൻവർ നേരത്തേ കസ്‌റ്റഡിയിലായിരുന്നു.
അൻവറും ബദിയടുക്ക സ്വദേശിയായ പതിനാറുകാരിയും തമ്മിൽ സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. ഇക്കാര്യം അറിഞ്ഞ പെൺകുട്ടിയുടെ കുടുംബം എതിർപ്പ് ഉന്നയിച്ചതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറി.
കഴിഞ്ഞ ദിവസം സ്കൂൾവിട്ടു വരുന്ന വഴി പെൺകുട്ടിയെ തടഞ്ഞുനിർത്തിയ അൻവർ, ബന്ധത്തിൽനിന്ന് പിൻമാറിയാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി വീട്ടിലെത്തിയതിനു പിന്നാലെ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു.
ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെയും ബെംഗളൂരുവിലെയും ആശുപത്രികളിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. ഇന്നു രാവിലെയാണ് പെൺകുട്ടി മരണത്തിനു കീഴടങ്ങിയത്. പെൺകുട്ടിയുടെ മൃതദേഹം നിലവിൽ കാസർകോട് ജനറൽ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പെൺകുട്ടിയുടെ കുടുംബം കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അൻവറിന്റെ കൂട്ടാളികളായ രണ്ടു പേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)