
വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ പാണ്ഡാന സ്വദേശിനി രജനി മസാരയാണ് കൊല്ലപ്പെട്ടത്. വാടക വീട്ടിൽ തനിച്ചായിരുന്നു യുവതി താമസിച്ചിരുന്നത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ടാങ്കിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. പ്രണയ നൈരാശ്യമാകാം കൊലപാതകത്തിന് കാരണം എന്നാണ് കരുതുന്നത്. വെള്ളിയാഴ്ച്ച രജനിയെ അമ്മ മൊബൈലിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. മകളെ അന്വേഷിച്ച് വീട്ടിലെത്തിയ അമ്മ വാതിൽ മുട്ടിയെങ്കിലും തുറക്കാതിരുന്നതിനെ തുടർന്ന് പുറകുവശത്തു കൂടി വീടിനുള്ളിൽ കയറുകയായിരുന്നു. വീട്ടിനകത്ത് രക്തക്കറ കണ്ടതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ വാട്ടർ ടാങ്കിനുള്ളിൽ നിന്നും ആണ് മൃതദേഹം ലഭിച്ചത്. വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും രജനി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് സംശയിക്കുന്നത്.