മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ മൂന്ന് ഷട്ടറുകൾ താഴ്ത്തി. 1,5,6, ഷട്ടറുകളാണ് ഇന്ന് എട്ട് മണിയോടെ താഴ്ത്തിയത്. നിലവിൽ 138.15 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ഇരുപത്തിയൊമ്പതിനാണ് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തമിഴ്നാട് ഉയർത്തിയത്. ആദ്യം രണ്ട് ഷട്ടറുകളായിരുന്നു തുറന്നത്. പിന്നിട് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ മൂന്ന് ഘട്ടമായിട്ടാണ് നാല് ഷട്ടറുകൾ കൂടി ഉയർത്തിയത്.
തുറന്നിരുന്ന ആറ് ഷട്ടറുകൾ 50 സെൻ്റീമീറ്റർ ഉയർത്തി 2974 ഘനയടി വെള്ളമായിരുപുറത്തേക്ക് ഒഴുക്കിയിരുന്നത്. നിലവിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് മൂന്ന് ഷട്ടറുകൾ താഴ്ത്തിയത്. 1,5,6, ഷട്ടറുകളാണ് അടച്ചിരിക്കുന്നത്. 2, 3, 4, ഷട്ടറുകൾ 50 സെൻ്റീമീറ്റർ വീതമാണ് നിലവിൽ തുന്നിട്ടുള്ളത്.
തമിഴ്നാട് ഇറച്ചിൽപ്പാറ കനാല് വഴി 2305 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. 4469 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇതിൽ കാര്യമായ കുറവുണ്ടാകുന്ന സാഹചര്യത്തിൽ ബാക്കിയുള്ള ഷട്ടറുകൾ കൂടി അടയ്ക്കും. മൂന്ന് ഷട്ടറുകൾ താഴ്തിയതോടെ പെരിയാറ്റിലെ ജലനിരപ്പും അൽപ്പം താഴ്ന്നിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും പെരിയാർ തീരദേശത്ത് ജാഗ്രത തുടരുകയാണ്.