10 ലക്ഷം രൂപയ്ക്ക് കുവൈറ്റ് കുടുംബങ്ങൾക്ക് വിൽപന നടത്തിയ മൂന്നു മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി സംസ്ഥാനത്ത് എത്തിച്ചു. കണ്ണൂർ സ്വദേശിയായ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എം കെ ഗസ്സാലിയാണ് റാക്കറ്റിലെ പ്രധാനി. യുവതികളെ മോചിപ്പിക്കാൻ മൂന്ന് ലക്ഷം രൂപ ഇയാൾ മോചനദ്രവ്യം കുടുമ്പങ്ങങ്ങളിൽ നിന്നും ആവശ്യപ്പെട്ടു. തുടർന്ന് സ്ത്രീകളിലൊരാളുടെ ഭർത്താവ് മലയാളി കൂട്ടായ്മയെ സമീപിക്കുകയും സംഘം കുവൈറ്റ് അധികൃതരെ സമീപിക്കുകയായിരുന്നു.
കുവൈറ്റിൽ കുട്ടികളെ പരിചരിക്കുന്ന ജോലിക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിയിലും കൊല്ലത്തും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ മനുഷ്യക്കടത്ത് സംഘം നോട്ടീസ് പതിച്ചിരുന്നതായി പൊലീസ് പറയുന്നു. റിക്രൂട്ട്‌മെന്റ് സൗജന്യമായതിനാലും വിസ പ്രോസസ്സിംഗിനും വിമാന ടിക്കറ്റിനും പോലും അവരിൽ നിന്ന് പണമൊന്നും ഈടാക്കാത്തതിനാലും സ്ത്രീകൾ റാക്കറ്റിനെ സമീപിച്ചു. റിക്രൂട്ട്‌മെന്റ് സമയത്ത് തന്റെ ഭാര്യക്ക് പ്രതിമാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നതായി പറയുന്നു.
ഇന്ത്യൻ നിയന്ത്രണങ്ങൾ മറികടക്കാൻ, സ്ത്രീകളെ സന്ദർശന വിസയിൽ ഷാർജയിലേക്ക് കൊണ്ടുപോവുകയും പിന്നീട് റോഡ് മാർഗം കുവൈറ്റിലേക്ക് മാറ്റുകയായിരുന്നു. ശേഷം കുവൈറ്റിൽ സമ്പന്ന അറബ് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപക്ക് ഇവരെ വിറ്റു. രക്ഷപ്പെടുത്തിയവരുടെ മൊഴി പ്രകാരം കുവൈറ്റിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിക്കിടക്കുന്നുണ്ട്.