തൃശ്ശൂർ: നവജാത ശിശുവിനെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ പുഴയ്ക്കലിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ കേസിലാണ് യുവതിയും കാമുകനും സുഹൃത്തും കസ്റ്റഡിയിലായത്. തൃശ്ശൂർ വരടിയം സ്വദേശികളായ മേഘ (22), ഇമ്മാനുവേൽ (25) ഇമ്മാനുവേലിൻ്റെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലായത്. മൂവരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. അവിവാഹിതയായ യുവതി വീട്ടിലാണ് പ്രസവിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നോടെ മേഘ പ്രസവിക്കുകയും കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊല്ലുകയും ആയിരുന്നു. യുവതി ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞില്ലെന്ന് പോലീസ് പറയുന്നു.
തൃശ്ശൂർ പൂങ്കുന്നത്തിന് സമീപം എം എൽ എ റോഡിലുള്ള കനാലിൽ നിന്ന് ഇന്നലെയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവർ മൃതദേഹം കണ്ടതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.