Spread the love
കർഷക സമര വേദിയ്ക്കു സമീപം വീണ്ടും വാഹനാപകടം: മൂന്നു സ്ത്രീകൾ ട്രക്കിടിച്ചു മരിച്ചു

പാനിപ്പത്ത്: കർഷക സമര വേദിയ്ക്കു സമീപം വീണ്ടും ദുരുഹ സാഹചര്യത്തിൽ അപകടം. ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ മകൻ വാഹനം ഓടിച്ചു കയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് ഇപ്പോൾ മൂന്നു സ്ത്രീകൾ അപകടത്തിൽ മരിച്ചിരിക്കുന്നത്.

ഹരിയാനയിലെ ജഹ്ജാറിലെ കർഷക സമര വേദിയ്ക്കു സമീപത്ത് ട്രക്ക് അപകടം. നിയന്ത്രണം വിട്ട ട്രക്ക് റോഡരികിലെ ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ മൂന്നു സ്ത്രീകൾക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ജഹ്ദാറിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കർഷക സമരം നടക്കുകയാണ്. ഇത്തരത്തിൽ കർഷക സമരം നടക്കുന്ന വേദിയിലാണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്.

കർഷക സമര പ്രദേശത്തു കൂടി അമിത വേഗത്തിൽ എത്തിയ ട്രക്ക് ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. പ്രദേശ വാസികളായ മൂന്നു സ്ത്രീകൾ ഈ സമയം ഡിവൈഡറിൽ ഓട്ടോറിക്ഷ കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. അപകടത്തിൽ രണ്ടു പേർ സംഭവ സ്ഥലത്തു വച്ചും ഒരാൾ ആശുപത്രിയിലേയ്ക്കുള്ള വഴി മധ്യേയുമാണ് മരിച്ചത്. അപകടത്തെ തുടർന്നു ട്രക്ക് ഡ്രൈവർ ഇവിടെ നിന്നും ഓടിരക്ഷപെട്ടു. പഞ്ചാബിലെ മാൻസാ ജില്ലയിൽ നിന്നുള്ളവരാണ് സ്ത്രീകളെന്നാണ് പുറത്തു വരുന്ന വിവരം.

Leave a Reply