
തൃക്കാക്കര നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവർ അറിയിച്ചു.
സമാധാനപരവും സുഗമവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതുജനങ്ങളും സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്ട്രോംഗ് റൂമും ഒരുക്കിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ ഗിരീഷ് ശർമ്മയുടെയും ചെലവ് നിരീക്ഷകൻ ആർ.ആർ.എൻ.ശുക്ലയുടയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണ്.
പരസ്യപ്രചാരണം 29 ന് വൈകിട്ട് 6 വരെ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണം 29 ന് (ഞായറാഴ്ച) വൈകീട്ട് ആറിന് അവസാനിക്കും.
പ്രചാരണാർത്ഥം നിയോജക മണ്ഡലത്തിൽ എത്തിയ രാഷ്ട്രീയ നേതാക്കൾ, രാഷ്ട്രീയ പ്രവർത്തകർ, പ്രതിനിധികൾ തുടങ്ങിയവർ പരസ്യ പ്രചാരണം അവസാനിച്ച ശേഷം മണ്ഡലത്തിൽ തുടരാൻ പാടില്ല.
പോലീസ്, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ എന്നിവർ ഇക്കാര്യം ഉറപ്പ് വരുത്തും. കല്യാണ മണ്ഡപങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി രാഷ്ട്രീയ പ്രവർത്തകർ താമസിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും.
ലോഡ്ജുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കും. മണ്ഡലത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ മണ്ഡലാതിർത്തികളിൽ പോലീസ് നിരീക്ഷിക്കും.
48 മണിക്കൂർ മദ്യനിരോധനം
ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ തൃക്കാക്കര മണ്ഡലത്തിൽ മദ്യനിരോധനം ഉണ്ടായിരിക്കും.
ഈ 48 മണിക്കൂറിൽ പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ മദ്യം വിൽക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.
വോട്ടെണ്ണൽ ദിനത്തിലും മദ്യനിരോധനം പ്രാബല്യത്തിലുണ്ടാകും.
വോട്ടെടുപ്പ്
മെയ് 31 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ ബൂത്തിലെത്തുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താം.
വോട്ടർമാർ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ വിധിയെഴുതുന്നത് 196805 വോട്ടർമാർ ആണ്. ഇതിൽ 3633 പേരാണ് ആദ്യമായി തിരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആകെയുള്ള 196805 വോട്ടർമാരിൽ 95274 പേർ പുരുഷന്മാരും 101530 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡർ.