Spread the love
തൃക്കാക്കര: ജനവിധി അറിയാൻ ഇനി മിനിട്ടുകൾ മാത്രം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ജനവിധി ഇന്നറിയാം. എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എട്ടരയോടെ ആദ്യ സൂചനയും 12 മണിയോടെ അന്തിമഫലവും അറിയാനാകും. തൃക്കാക്കരയില്‍ വന്‍ ജയപ്രതീക്ഷയിലാണ് മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍.

രാവിലെ 7.30-ന് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുക്കും. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക.  പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും. 

കോര്‍പ്പറേഷന്‍ പരിധിയിലെ ബൂത്തുകളാണ് ആദ്യം എണ്ണുന്നത്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യുഡിഎഫിനായി ഉമ തോമസ്, എല്‍ഡിഎഫിനായി ഡോ. ജോ ജോസഫ്, എന്‍ഡിഎയുടെ എഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Leave a Reply