ഗ്ലോബൽ ഹാക്കത്തോണിൽ മികച്ച 9 ടീമുകളിൽ തൃശൂർ എൻജിനീയറിംഗ് കോളേജും
ഐബിഎം കോൾ ഫോർ കോഡ് സംഘടിപ്പിച്ച ഗ്ലോബൽ ഹാക്കത്തോണിൽ ഇന്ത്യയിലെ മികച്ച 9 ടീമുകളിൽ തൃശൂർ ഗവ.എൻജിനീയറിംഗ് കോളേജും. രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ നേഹ, സൂസൻ മനോജ്, മരിയ തോമസ്, അബിൽ സാവിയോ, ഗോകുൽ ദിനേഷ്, മരിയ വിജി ജോർജ് എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത “ഇക്കോടോപിയ ദി സസ്ടൈനബിൾ വില്ലേജ്” എന്ന മൊബൈൽ ആപ്ലിക്കേഷനാണ്
അംഗീകാരം ലഭിച്ചത്.
കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.അജയ് ജെയിംസ് ആണ് ടീമിനെ നയിക്കുന്നത്. ജലം സംരക്ഷിക്കുക, പാഴാക്കുന്നത് കുറയ്ക്കുക, മഴവെള്ളസംഭരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ആപ്പിന്റെ ലക്ഷ്യം.
മൊത്തം ആയിരത്തിലധികം ടീമുകളിൽ നിന്നാണ് തൃശൂർ ഗവ.എൻജിനീയറിംഗ് കോളേജിനെ തിരഞ്ഞെടുത്തത്. ഫൈനൽ റൗണ്ടിന് യോഗ്യത നേടുന്ന കേരളത്തിൽ നിന്നുള്ള ഏക വിദ്യാർത്ഥി ടീമാണിത്. വിജയികളെ നവംബർ 16 ന് പ്രഖ്യാപിക്കും. 2 ലക്ഷം ഡോളർ ആണ് ഒന്നാം സമ്മാന തുക. കൂടാതെ റണ്ണേഴ്സ് അപ്പിന് 25,000, 10,000 ഡോളർ വീതവും, യൂണിവേഴ്സിറ്റി ചലഞ്ച് ഗ്രാൻഡ് പ്രൈസ് ആയി 10000 ഡോളറും സമ്മാനം ലഭിക്കും. മറ്റൊരു അന്തർദേശീയ ഹാക്കത്തോൺ ആയ എൻവിറോത്തണിൽ രണ്ടാം സ്ഥാനവും, വനിതകളെ കേന്ദ്രീകരിച്ചുള്ള വിറ്റ്- ഏസിൽ ഇന്ത്യയിലെ മികച്ച അഞ്ചു ടീമുകളിൽ ഒന്നുമായിരുന്നു ഇവർ.