തൃശൂർ∙ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതുപോലെ പൂരം പ്രദർശനത്തിനു കഴിഞ്ഞ തവണത്തെ അതേ വാടകയ്ക്കു വടക്കുന്നാഥ മൈതാനം വിട്ടുകൊടുക്കാൻ കൊച്ചിൻ ദേവസ്വം ബോർഡു തീരുമാനിച്ചതായി പി.ബാലചന്ദ്രൻ എംഎൽഎയെ ബോർഡ് പറഞ്ഞു. ഇതോടെ പൂരം ആശങ്ക ഇല്ലാതായി.
42 ലക്ഷത്തിനു പകരം 2 കോടി രൂപ വാടകയും കഴിഞ്ഞ വർഷത്തെ കുടിശികയും ബോർഡു ചോദിച്ചതോടെയാണു പ്രതിസന്ധിയുണ്ടായത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പൂരം ചടങ്ങു മാത്രമായി നടത്തുമെന്നു പറഞ്ഞിരുന്നു. പൂരം പ്രദർശനത്തിൽനിന്നാണു ദേവസ്വങ്ങൾ പൂരത്തിനുള്ള പണം കണ്ടെത്തുന്നത്.
ഹൈക്കോടതിയിൽ ഇതു സംബന്ധിച്ചു കേസു നടക്കുന്നുണ്ട്. പ്രശ്നം കോടതിക്കു പുറത്ത് ഒത്തുതീർന്നതായി കോടതിയെ അറിയിക്കുമെന്നു സർക്കാർ അറിയിച്ചിരുന്നു. ഇതു കോടതിയെ അറിയിക്കാൻ എജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിലെ കേസു തുടരില്ലെന്നും ബാലചന്ദ്രൻ അറിയിച്ചു.
വാടക പഴയതുപോലെ തുടരാനും ദേവസ്വങ്ങൾക്കു സ്ഥലം വിട്ടുകൊടുക്കാനും ബോർഡ് യോഗം തീരുമാനിച്ചതായി പ്രസിഡന്റ് എം.കെ.സുദർശൻ അറിയിച്ചെന്നു ബാലചന്ദ്രൻ പറഞ്ഞു. ഇക്കാര്യം അദ്ദേഹം ദേവസ്വങ്ങളെയും അറിയിച്ചിട്ടുണ്ട്. പന്തൽ നിർമാണം ഉടൻ തുടങ്ങും.