തൃശൂര്‍: കൊവിഡ് നിയന്ത്രണമില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. പൂരം പൂർവാധികം ഭംഗിയായി നടത്തും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. എന്നാൽ മാസ്കും സാനിറ്റൈസറും ഉൾപ്പെടെ സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
മെയ് 10നാണ് തൃശൂർ പൂരം.പരമാവധി തർക്കങ്ങൾ ഒഴിവാക്കി പൂരം ഭംഗിയായി നടത്താൻ സർക്കാർ എല്ലാ പിന്തുണയും നൽകും. തേക്കിൻകാട് മൈതാനത്തെ ബാരിക്കേഡ് നിർമ്മിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ദേവസ്വങ്ങൾക്കു മേൽ അധിക ബാധ്യത വരുത്തില്ല. ഏതാണ്ട് 15 ലക്ഷത്തോളം ആളുകളെ ആണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. വെടികെട്ട് മുൻ വർഷങ്ങളിലേത് പോലെ നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്.
ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകാനാണ് മന്ത്രിമാരുടെ നേതൃത്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സർക്കാർ ഇടപെടൽ.
കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല.