Spread the love

കൊറോണ നിയന്ത്രണങ്ങളോടെ വർണ്ണശോഭ ഒട്ടും കുറയ്ക്കാതെ ഇന്ന് തൃശൂർ പൂരം. ഇന്നലെ തെക്കേ ഗോപുര നട തുറന്ന് പൂരത്തിന് തുടക്കമായി. ജനസാഗരങ്ങൾ വന്നെത്താറുള്ള തേക്കിൻകാട് മൈതാനത്തിൽ ഇന്ന് ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടി പൂരം ചടങ്ങ് മാത്രമായി നടക്കും. പൂരപ്പറമ്പിൽ പ്രവേശിക്കുന്ന എല്ലാവർക്കും പാസ് നിർബന്ധമാണ്. ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പൂരം തത്സമയമായി കാണാം.

സംഘാടകരേയും ക്ഷേത്രം ഭാരവാഹികളേയും കൊറോണ പരിശോധന നടത്തിയ ശേഷം മാത്രമെ പ്രവേശനാനുമതി നൽകിയിട്ടുള്ളു. വെള്ളിയാഴ്ച പുലർച്ചെ മുതൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് വരെ തൃശൂർ സ്വരാജ് റൗണ്ടിലേയ്ക്ക് പ്രവേശനം ഇല്ല. അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നവരെ മാത്രം കടത്തിവിടും. കടകൾ തുറക്കാൻ അനുവദിക്കില്ല.

രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തും. തുടർന്ന് ഘടകപൂരങ്ങളുടെ വരവ് ആരംഭിക്കും. ഒരു ആനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഘടകപൂരങ്ങളെത്തുക. എട്ട് ഘടക്ഷേത്രങ്ങളിൽ പരമാവധി 50 പേരെ വീതം പങ്കെടുപ്പിക്കാം.

11 മണിയ്ക്ക് പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് കോങ്ങാട് മധു പ്രമാണിയാകും. 12.30 ന് പാറമേക്കാവ് അമ്പലത്തിന് മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങ് കഴിഞ്ഞാൽ പിന്നെ 2 മണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രസസ്തമായ ഇലഞ്ഞിത്തറ മേളം. 2.45 ന് ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിയുടെ പാണ്ടിമേളവും നടക്കും.

വൈകീട്ട് 5.30 ഓടെ തെക്കേ ഗോപുര നടയിൽ പ്രസിദ്ധമായ കുടമാറ്റം നടക്കും. പാറമേക്കാവ് നിന്നും 15 ആനകളെയാണ് അണിനിരത്തുക. 25 സെറ്റ് കുടമാറും. രാത്രി 11 ന് പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിന് ശേഷം പുലർച്ചെ 3 ന് പൂരം വെടിക്കെട്ടും. നാളെ രാവിലെ 9 ന് ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലി പിരിയും.

Leave a Reply