
തൃശ്ശൂര്‍: ആവേശമുയര്‍ത്തി ഒഴുകാന്‍ വെമ്പിനില്‍ക്കുകയാണ് തൃശ്ശൂര്‍ പൂരം. ചൊവ്വാഴ്ച രാവിലെ മുതല്‍ ജനം വടക്കുന്നാഥന്റെ മണ്ണിലേക്ക് ഒഴുകിത്തുടങ്ങും. കൊമ്പന്‍ എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തിയ നെയ്തലക്കാവിലമ്മയാണ് പന്ത്രണ്ടരയോടെ ഗോപുരനട തുറന്നിട്ടത്.
പൂരത്തിന്റെ തലപ്പൊക്കങ്ങളായ ആനകളെല്ലാം മുന്നൊരുക്കത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് തേക്കിന്‍കാട്ടില്‍ നിരന്നു. അലങ്കാരങ്ങളില്ലാത്ത കരിയഴകിന് മുന്നില്‍ ആളുകള്‍ നിരന്നു. ആളൊഴുക്കായിരുന്നു തിങ്കളാഴ്ച നഗരത്തിന്റെ മുഖമുദ്ര. ചൊവ്വാഴ്ച തേക്കിന്‍കാട്ടിലേക്ക് ആദ്യമെത്തുക ഘടകപൂരങ്ങളാണ്. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പിന്നീട് സിരകളെ ത്രസിപ്പിക്കും. മഴവില്ലഴകോടെയുള്ള കുടമാറ്റം വൈകീട്ട് ഏഴോടെ പൂര്‍ണമാകും. രാത്രിയെഴുന്നള്ളിപ്പുകള്‍ വേറിട്ട സൗന്ദര്യമൊരുക്കും. പിന്നെ വെടിക്കെട്ടും ഇതിനെല്ലാമായാണ് ഈ കാത്തിരിപ്പ്.
മാസങ്ങളുടെ പരിശ്രമങ്ങള്‍ക്കൊടുവില്‍ സജ്ജമായ വര്‍ണങ്ങളാണ് ചൊവ്വാഴ്ച പൂരമായി വിരിയാന്‍ ഒരുങ്ങുന്നത്. ആലവട്ടവും വെഞ്ചാമരവുമടക്കം നിരവധിയിതളുകള്‍ ഇതിനുണ്ട്. കോവിഡ് മുടക്കിയ രണ്ടുവര്‍ഷത്തെ ആഗ്രഹങ്ങളൊരുമിച്ച് നിറയ്ക്കാനൊരുങ്ങുകയാണ് തൃശ്ശിവപേരൂര്‍.