Spread the love

ഊർജ്ജ സംരക്ഷണത്തിൽ പുതിയ മാതൃകയാകാൻ തൃശൂർ

തൃശൂർ ജില്ലയെ സമ്പൂർണ്ണ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഊർജ്ജയാൻ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നു. ഒക്ടോബർ 16ന് തൃശൂർ നിയോജകമണ്ഡലത്തിൽ പദ്ധതി പ്രാവർത്തികമാകുന്നതോടെ പദ്ധതിയുടെ ആദ്യഘട്ടം പൂർണ്ണമാകും.

ജില്ലയിലെ 750 വിദ്യാലയങ്ങൾ പദ്ധതിയുടെ ഭാഗമാണ്. 86
ഗ്രാമപഞ്ചായത്തുകൾ, 16 ബ്ലോക്ക് പഞ്ചായത്തുകൾ, 7 നഗരസഭ ഓഫീസുകൾ ഇവയിലെല്ലാം ഊർജ്ജ ഓഡിറ്റ് പൂർത്തിയാകുന്നതോടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഊർജ്ജ ഓഡിറ്റ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ ജില്ലയാകും തൃശൂർ.

ഊർജ്ജ കാര്യക്ഷമത പഞ്ചായത്ത് പദ്ധതിയിലൂടെ വാർഡ് തലം മുതൽ ബോധവൽക്കരണ പരിപാടിയാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കോ ഓർഡിനേറ്റർ ഡോ.ടി വി വിമൽകുമാർ പറഞ്ഞു.

16ന് ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന പരിപാടി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കോർഡിനേറ്റർ ഡോ.ടി വി വിമൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ക്രൈംബ്രാഞ്ച് അസി.കമ്മീഷണർ ഓഫ് പൊലീസ് ടി ആർ രാജേഷ് മുഖ്യാതിഥിയാകും. എനർജി മാനേജ്‌മെന്റ് സെന്റർ കേരള ഡയറക്ടർ ഡോ.ആർ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും.

Leave a Reply