മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത പുതിയ ചിത്രം തുടരും തിയേയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. കുടുംബ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരുപോലെ ഏറ്റെടുത്ത സിനിമ വമ്പൻ കളക്ഷൻ ആണ് ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ വരെ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്
2.9 കോടിയാണ് തുടരും ഇതുവരെ കർണാടകയിൽ നിന്നും നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും 1.6 കോടിയും നോർത്ത് ഇന്ത്യൻ മാർക്കറ്റിൽ നിന്നും 1.75 കോടിയുമാണ് സിനിമയുടെ സമ്പാദ്യം. മലയാളത്തിനോടൊപ്പം ചിത്രത്തിന്റെ തെലുങ്ക് പതിപ്പും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് സിനിമയുടെ തെലുങ്ക് വേർഷനും ലഭിക്കുന്നത്. ആന്ധ്ര / തെലങ്കാനയിൽ നിന്ന് തുടരുമിന്റെ മലയാളം പതിപ്പ് 35 ലക്ഷം നേടിയപ്പോൾ തെലുങ്ക് വേർഷൻ 50 ലക്ഷം കടന്നു. ഇതോടെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും തുടരുമിന്റെ നേട്ടം 7.10 കോടിയായി. ആദ്യ ദിനം വെറും 90 ലക്ഷം മാത്രമായിരുന്നു സിനിമയ്ക്ക് നേടാനായത്.
ചിത്രം മൂന്ന് ദിവസം കൊണ്ട് 69 കോടിയിലധികം രൂപ നേടിയതായാണ് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമ 100 കോടി കളക്ഷൻ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.