കൊച്ചി/കോട്ടയം : വെള്ളിയാഴ്ച എക്സൈസ് പിടിയിലായ ‘തുമ്പിപ്പെണ്ണ്’ നഗരത്തിലെ ലഹരി മൊത്തവിതരണ ശൃംഖലയിലെ കേന്ദ്രബിന്ദു. ലഹരിയുമായി കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു സ്കൂട്ടറിൽ ‘പാറിപ്പറന്നു’ നടക്കുന്നതു പതിവാക്കിയപ്പോൾ കോട്ടയം ചിങ്ങവനം മുട്ടത്താട്ടുചിറ വീട്ടിൽ സൂസിമോൾ എം. സണ്ണിക്ക് ഇടപാടുകാരായ ചെറുപ്പക്കാർ നൽകിയ വിളിപ്പേരാണു ‘തുമ്പിപ്പെണ്ണ്!’. വിളിപ്പേരു സൂചിപ്പിക്കും പോലെയുള്ള കാൽപനികതയൊന്നും സൂസിമോളുടെ സ്വഭാവത്തിനില്ലെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. നഗരത്തിലെ ക്വട്ടേഷൻ, ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമാണു സൂസിമോൾക്ക്. തന്റെ ലഹരി വിപണന സംഘത്തിൽ ഒപ്പം ചേർത്തിട്ടുള്ളതും ക്രിമിനൽ സ്വഭാവമുള്ളവരെത്തന്നെ. ഹിമാചൽ പ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ ലഹരി റാക്കറ്റുമായി നേരിട്ടു ബന്ധമുണ്ടായിരുന്നതും ഇടപാടുകൾക്കു ചുക്കാൻ പിടിച്ചിരുന്നതും സൂസി തന്നെയാണ്.
മെഡിക്കൽ കമ്പനിയിൽ ജോലിക്കെന്നു പറഞ്ഞാണു സൂസിമോൾ വീട്ടിൽ നിന്ന് കൊച്ചിയിലേക്കു പോയതെന്നാണ് എക്സൈസ് സംഘത്തിനു ലഭിച്ച വിവരം. വീട്ടുകാരും ഇക്കാര്യം വിശ്വസിച്ചിരുന്നു. കോട്ടയം പള്ളത്തിനു സമീപമാണ് കുടുംബത്തിന്റെ താമസം. സൂസി മോളുടെ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയില്ല. കോട്ടയം ജില്ലയിൽ കേസുകളുമില്ല.
കഴിഞ്ഞ ആഴ്ചയും ഇവർ വീട്ടിൽ വന്നിരുന്നു. 4 പേരടങ്ങുന്ന കുടുംബമാണ് ഇവരുടേത്. രാസലഹരി ഇടപാടിൽ സൂസിക്കു നാട്ടിൽ നിന്നു സഹായം ലഭിച്ചിട്ടുണ്ടോ എന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്.