അങ്കമാലി : അങ്കമാലിയിൽ മിന്നൽ മഴ. ഇടിയും കാറ്റും ഉൾപ്പെടെയുള്ള കനത്ത മഴയിൽ പഴയ മാർക്കറ്റ് റോഡിൽ വെള്ളക്കെട്ട് രൂക്ഷം. റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. കനത്ത കാറ്റിൽ ടൗണിൽ എം.സി റോഡിൽ ഒരു ഷോപ്പിനു മുകളിൽ ഷീറ്റിൽ നിർമിച്ച മേൽക്കൂര വീണു കാർ തകർന്നു. കടയുടെ മുന്നിൽ നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഇന്നലെ വൈകിട്ട് 4.45നാണ് മഴ തുടങ്ങിയത്. ഇടിയും കാറ്റും ഉൾപ്പെടെയുള്ള കനത്ത മഴ അരമണിക്കൂറോളം നീണ്ടു നിന്നു. വെള്ളക്കെട്ടിനെ തുടർന്നു മാർക്കറ്റ് റോഡിലൂടെ കുറച്ചുനേരത്തേക്കു വാഹനങ്ങൾക്ക് ഓടാനായില്ല.
കയർകെട്ടി ഗതാഗതം തടഞ്ഞു. 3 വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. കടകളിലെ സാധന സാമഗ്രികൾക്കു നാശം സംഭവിച്ചു. വെള്ളക്കെട്ട് മാറിയപ്പോൾ വാഹനങ്ങൾ ഓടിത്തുടങ്ങി. അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളക്കെട്ടുണ്ടായി.സ്റ്റാൻഡിന്റെ കവാടത്തിൽ തന്നെയുള്ള കുഴിയിൽ വെള്ളക്കെട്ട് ഉണ്ടായതിനാൽ ഏതാനും ബസുകൾ സ്റ്റാൻഡിലേക്കു കയറാതെ റോഡിൽ തന്നെ നിർത്തി യാത്രക്കാരെ ഇറക്കി.