Spread the love

അരൂർ∙ തുറവൂർ–അരൂർ ഉയരപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതിനായി നാലാമത്തെ ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. ഇന്നലെ എരമല്ലൂരിലാണ് ജോലി പൂർത്തിയാക്കിയത്. തുറവൂർ, കുത്തിയതോട്, ചന്തിരൂർ, അരൂർ എന്നിവിടങ്ങളിലാണ് ലോഞ്ചിങ് ഗാൻട്രി നേരത്തെ സ്ഥാപിച്ചത്. ഇനി അരൂർ– അരൂർ ബൈപാസ് കവലയിൽ ആണ് ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കാനുള്ളത്.

നിർമിക്കുന്ന തൂണുകൾക്കു മുകളിൽ സ്റ്റീൽ ഗർഡറുകളും കോൺക്രീറ്റ് ഗർഡറുകളും സ്ഥാപിക്കുന്നതിനാണ് ലോഞ്ചിങ് ഗാൻട്രി പാതയ്ക്കു കുറുകെ സ്ഥാപിക്കുന്നത്. ‌റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ലോഞ്ചിങ് ഗാൻട്രി 5 റീച്ചുകളിലാണ് സ്ഥാപിക്കുന്നത്. അവസാന ജോലിയുടെ ഭാഗമായി പാതയ്ക്കു കുറുകെ ലോഞ്ചിങ് ഗാൻട്രിയുടെ ലോഞ്ചിങ് ബീം സ്ഥാപിക്കുന്ന ജോലി ഇന്നലെ രാവിലെ 11ന് തുടങ്ങി. ഉച്ചയ്ക്കു ശേഷം 2നാണ് പണി തീർന്നത്.ജോലിയുടെ ഭാഗമായി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു.

ആലപ്പുഴ ഭാഗത്ത് നിന്നു കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങൾ തുറവൂർ ജംക്‌ഷനിൽ നിന്നു തുറവൂർ–കുമ്പളങ്ങി റോഡുവഴിയും, അരൂർ ഭാഗത്ത് നിന്നും ചേർത്തലയിലേക്കു പോകുന്ന വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽ നിന്നു അരൂക്കുറ്റി റോഡ് വഴി പൂച്ചാക്കൽ ചേർത്തല വഴിയും പൊലീസിന്റെ നേതൃത്വത്തിൽ കടത്തിവിട്ടു. ജോലി ഏറ്റെടുത്തിരിക്കുന്ന കരാറുകാർ പൊലീസ്, കലക്ടർ എന്നിവർക്ക് രേഖാമൂലം മുൻകൂട്ടി അറിയിപ്പ് കൊടുത്തിരുന്നു.എന്നാൽ വാഹനങ്ങൾ വഴി തിരിച്ചുവിടുമെന്ന വാർത്ത മാധ്യമങ്ങളിൽ വരാതിരുന്നത് സ്ഥിരമായി ആലപ്പുഴ ഭാഗത്ത് നിന്നു കൊച്ചിയിലേക്കും കൊച്ചിയിൽ നിന്നു ആലപ്പുഴയിലേക്കും പോകുന്ന യാത്രക്കാരെ പ്രതിസന്ധിയിലാക്കി.

Leave a Reply