പറവൂർ : ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന തുരുത്തിപ്പുറം ജലോത്സവം നാളെ തുരുത്തിപ്പുറം കായലിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഇ.ടി.ടൈസൺ എംഎൽഎ അധ്യക്ഷനാകും. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി പതാക ഉയർത്തും. മദ്‌ലീന ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ പിയറി അബ്ഗ്രാൾ ജല ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ജേതാക്കൾക്കു വി.ആർ.സുനിൽകുമാർ എംഎൽഎ ട്രോഫി നൽകും. നേട്ടങ്ങൾ കരസ്ഥമാക്കിയവരെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പ്രദീഷ് ആദരിക്കും. തുരുത്തിപ്പുറം ബോട്ട് ക്ലബ്ബാണു ജലോത്സവം സംഘടിപ്പിക്കുന്നത്.
എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗങ്ങളിലായി 15 ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കും. എ ഗ്രേഡിൽ താണിയൻ, തുരുത്തിപ്പുറം, പൊഞ്ഞനത്തമ്മ, ഗോതുരുത്തുപുത്രൻ, സെന്റ് സെബാസ്റ്റ്യൻ ഒന്നാമൻ, പുത്തൻപറമ്പിൽ എന്നീ വള്ളങ്ങൾ മാറ്റുരയ്ക്കും. ബി ഗ്രേഡിൽ ഗോതുരുത്ത്, ചെറിയപണ്ഡിതൻ, മടപ്ലാതുരുത്ത്, വടക്കുംപുറം, ജിബി തട്ടകൻ, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, മയിൽപീലി, ശ്രീമുരുകൻ, പമ്പാവാസൻ എന്നീ വള്ളങ്ങൾ മത്സരിക്കും.
ജലോത്സവ പ്രേമികൾക്കായി ഫാൻ വിഡിയോ കോണ്ടസ്റ്റ്, ഫൊട്ടോഗ്രഫി മത്സരം ഒരുക്കിയിട്ടുണ്ടെന്നു ജലോത്സവ കമ്മിറ്റി അധ്യക്ഷൻ റോസി ജോഷി, ജന.കൺവീനർ ഷെറൂബി സെലസ്റ്റീന, രക്ഷാധികാരി ആന്റണി പാലപറമ്പിൽ, പ്രസിഡന്റ് എം.എക്സ്.ബിനു, ജന.സെക്രട്ടറി ആന്റണി ഷെഫിൻ, ട്രഷറർ അജീഷ് മോഹൻ എന്നിവർ അറിയിച്ചു.