സ്റ്റോപ്പില്ലാത്ത സ്റ്റേഷനിലേയ്ക്ക് ടിക്കറ്റ് ലഭിച്ച യാത്രക്കാര്‍ പെരുവഴിയിലായി. കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുറ്റിപ്പുറം, പട്ടാമ്പി എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്തവരാണ് പെരുവഴിയിലായത്. മലബാര്‍ എക്‌സ്പ്രസിന് ഇവിടങ്ങളില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ഷൊര്‍ണൂരില്‍ ഇറങ്ങേണ്ടി വന്നു. രാത്രി ഒരുമണിയോടെയാണ് ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പാതിരാത്രി പെരുവഴിയിലായത്. കല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പട്ടാമ്പി കാഞ്ഞിരത്താണി സ്വദേശി സലീം അലിയും 35 പേരും തിരിച്ചുപോകാന്‍ കണ്ണപുരം സ്റ്റേഷനില്‍ നിന്നായിരുന്നു ടിക്കറ്റ് എടുത്തത്. രാത്രി 8.30നുള്ള ട്രെയിനിന് കുറ്റിപ്പുറത്ത് സ്റ്റോപ്പുണ്ടെന്ന് പറഞ്ഞാണ് ടിക്കറ്റ് നല്‍കിയതെന്ന് സലീം പറഞ്ഞു. ഇതേ വണ്ടിയില്‍ ഫറോക്കില്‍ നിന്ന് പട്ടാമ്പിയിലേയ്ക്ക് ജനറല്‍ ടിക്കറ്റ് എടുത്ത മറ്റ് രണ്ട് സംഘങ്ങള്‍ക്കും സമാനമായ അനുഭവമാണ് ഉണ്ടായത്. കുറ്റിപ്പുറത്തും പട്ടാമ്പിയിലും നിര്‍ത്താതെ പോയ ട്രെയിന്‍ പിന്നീട് ഷൊര്‍ണൂരാണ് നിര്‍ത്തിയത്. ഇവര്‍ റെയില്‍വേയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.