നീലഗിരി: തമിഴ്നാട് നീലഗിരിയിൽ നാട്ടിലിറങ്ങി നാല് പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടി വെച്ചു. വെടിയേറ്റിട്ടും വീഴാതെ കാട്ടിലേക്ക് കയറിയ കടുവക്കായി വനം വകുപ്പ് തിരച്ചിൽ തുടരുകയാണ്.
ഇന്നലെ രാത്രി പത്തുമണിയോടെ തെപ്പക്കാട് – മസിനഗുഡി റോഡിൽ വെച്ചാണ് കടുവയെ വെടിവെച്ചത്. തുടർന്ന് കടുവ ഓടി കാട്ടിൽ കയറി. പിന്നാലെ സംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെടിയേറ്റ കടുവ അരമണിക്കൂറിനുള്ളിൽ ബോധം കെട്ടു വീഴാൻ സാധ്യതയുണ്ടെന്നാണു വിദഗ്ധർ പറയുന്നത്. എന്നാൽ വെടിയേറ്റ സ്ഥലത്തിന് സമീപം തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഡ്രോണുകളുടെയും കുങ്കിയാനകളുടെയും ഉപയോഗിച്ചു റോഡുകൾ അടച്ചിട്ടാണ്തിരച്ചിൽ നടത്തുന്നത്. ദേവന്‍ എസ്റ്റേറ്റ്, ബോസ്പര മേഖലകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ഇതുവരെ നാല് മനുഷ്യരെയും ഇരുപതിലധികം വളർത്തു മൃഗങ്ങളെയുമാണ് ടി-23 കടുവ കൊന്നത്. രണ്ടാഴ്ചയായി കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ 160 പേരടങ്ങുന്ന ദൗത്യസംഘം ടി-23 എന്ന കടുവക്കായി തിരച്ചിൽ നടത്തിവരുന്നു.