വിവാഹം കഴിക്കാനെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. ജീവിതത്തിൽ ഒരു കൂട്ട് ഉണ്ടാവണം ആരേലും ഒപ്പം വേണം എന്നുണ്ടായിരുന്നു. പക്ഷേ അതൊരു തെറ്റായ തീരുമാനം ആണെന്ന് വളരെ നാളുകൾക്കു മുൻപ് ആണ് തിരിച്ചറിയുന്നതെന്ന് സീമ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കാരണങ്ങള്‍ പറയുന്നത്. വീണ്ടും ഇങ്ങനെ കുറിക്കാൻ ഇടവരരുതെന്ന് ആഗ്രഹിച്ചിരുന്നു എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘ഒരിക്കലും യോജിച്ചു പോകാൻ പറ്റാത്തവർ ആണ് ഞങ്ങൾ. പക്ഷേ ഈ ഒരു യോജിപ്പ് ഇല്ലായ്‌മയിൽ നിന്നും പുറത്തു കടക്കാൻ ഒരു ഭയം ആയിരുന്നു. മറ്റുള്ളവർ എന്തുപറയും മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും, പക്ഷേ അങ്ങനെ ചിന്തിച്ചിരുന്നാൽ ഇനിയും കാര്യങ്ങൾ കൈവിട്ട് പോകും. ജീവിതത്തിൽ ഞാൻ നേടിയെടുത്തതൊന്നും അത്ര എളുപ്പത്തിൽ ആയിരുന്നില്ല’ സീമ എഴുതി.
മുന്‍പ് പോസ്റ്റ് പിന്‍വലിച്ചത് സാഹചര്യത്തിന്‍റെ സമ്മർദ്ദം മൂലമായിരുന്നു. ആ വ്യക്തിയിൽ നിന്നും അത്തരത്തിൽ ഒരു പെരുമാറ്റം ഇനി മേലിൽ ഉണ്ടാവില്ല എന്ന വാക്കിനുമേൽ ആയിരുന്നു അന്ന് ആ പോസ്റ്റ് പിൻവലിച്ചതെന്നും സീമ വ്യക്തമാക്കി. ആഗ്രഹിച്ച പരിഗണനയോ ബഹുമാനമോ ലഭിച്ചില്ല. വ്യക്തിഹത്യയും, ജെന്‍ഡർ അധിക്ഷേപ വാക്കുകളും നേരിട്ടു. ഞാൻ എന്ന വ്യക്തിയെ തന്നെ ഇല്ലായ്‌മ ചെയ്യുന്ന തരത്തിൽ ഉള്ള അധിക്ഷേപ വാക്കുകളും ആണ് കിട്ടിക്കൊണ്ടിരുന്നതെന്നും സീമ കൂട്ടിച്ചേര്‍ത്തു. നമ്മുക്ക് യാതൊരു വിലയും തരാതെ സംസാരിക്കുക. നമ്മളെയും നമ്മുടെ തൊഴിലിനെയും. നമ്മുടെ വളർച്ചയെ പോലും അധിക്ഷേപിക്കുന്ന തരത്തിൽസംസാരിക്കുക, ഒരുപാട് തവണ പറഞ്ഞു കൊടുത്തു തിരുത്താൻ ശ്രമിച്ചു നടന്നില്ല. ഒരുപാട് തവണ മറ്റുള്ളവർക്ക് മുന്നിൽ മാതൃക ദമ്പതികളായി അഭിനയിച്ചു എന്നും സീമയുടെ കുറിപ്പിലുണ്ട്. മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനെയും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും സാഹചര്യവും അവസ്ഥയും മനസ്സിലാക്കുന്ന കുറച്ചു സുഹൃത്തുക്കൾ കൂടെ ഉണ്ടാവുമെന്നും കുറിപ്പിലുണ്ട്.