Spread the love

അകക്കണ്ണിൽ നിറയെ സംഗീതത്തിന്റെ മന്ത്രധ്വനികൾ മാത്രമുള്ളൊരു അപൂർവ ജന്മം എന്ന് വിശേഷിപ്പിക്കാവുന്ന സംഗീത ലോകത്ത് തന്റെ ശബ്ദം കൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന ​ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഈ പാട്ടിന് സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു.

മിമിക്രി കലാകാരനായ അനൂപ് ആയിരുന്നു വിജയലക്ഷ്മിയുടെ ഭർത്താവ്. 2018 ഒക്ടോബർ 22നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഇപ്പോൾ ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയിരിക്കുകയാണ്. ‘ഞാൻ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. ഇത് ശരിയാവില്ലെന്ന് മനസിലായിരുന്നു. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു.’

ഞങ്ങൾ തന്നെ തീരുമാനിച്ചതായതിനാൽ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങൾ മറക്കുന്നത്. ‌ആറാമത്തെ വയസിൽ ദാസേട്ടന് ഗുരുദക്ഷിണ നൽകിയാണ് സംഗീത ജീവിതം ആരംഭിച്ചത്. അദ്ദേഹമാണ് എന്റെ മാനസഗുരു. എം.ജയചന്ദ്രൻ സാറാണ് ആദ്യം മിമിക്രി ചെയ്യിപ്പിച്ചത്. സാറിനെ അനുകരിക്കുമായിരുന്നു. ഇവിടെ എന്റെയൊരു മാമനുണ്ട് അദ്ദേഹം മിമിക്രി ചെയ്യാറുണ്ട്. മിമിക്രി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുറേ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇത്രേം വലിയ ഗായികയല്ലേ… അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയാറുണ്ട് ചിലർ. അങ്ങനെ പറയുന്നവരുടെ മുന്നിൽ കുറച്ചൂടെ ചെയ്യും…’ വിജയലക്ഷ്മി പറയുന്നു.

Leave a Reply