വാഷിങ്ടൻ∙ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ അഞ്ചു പേരുമായി അറ്റ്ലാന്റിക്കിൽ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം യുഎസ് നാവികസേന പിടിച്ചെടുത്തിരുന്നതായി റിപ്പോർട്ട്. മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെ തന്നെ പേടകം പൊട്ടിത്തെറിച്ചിരുന്നെന്നാണ് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. യുഎസ് നാവികസേനയുടെ ശബ്ദ നിരീക്ഷണ സംവിധാനം വഴി ഈ ശബ്ദം പിടിച്ചെടുത്തിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്തര്‍വാഹിനികളെ കണ്ടെത്താന്‍ സേന ഉപയോഗിക്കുന്ന രഹസ്യ നിരീക്ഷണ സംവിധാനത്തിലാണ് ശബ്ദം രേഖപ്പെടുത്തിയത്. ശബ്ദരേഖ സേന വിശദമായി വിശകലനം ചെയ്തപ്പോള്‍ പൊട്ടിത്തെറിക്കോ, ഉള്‍വലിഞ്ഞുള്ള സ്ഫോടനത്തിനോ സമാനമായ എന്തോ നടന്നതായി വ്യക്തമായി. ആശയവിനിമയം നഷ്ടപ്പെടുമ്പോള്‍ ടൈറ്റന്‍ പ്രവര്‍ത്തിച്ചിരുന്ന പരിസരത്തുനിന്നാണ് ശബ്ദം വന്നതെന്നും വിശകലത്തില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ടൈറ്റനു വേണ്ടി ശബ്ദതരംഗാധിഷ്ഠിതമായ സോണർ ബോയ് സംവിധാനമുപയോഗിച്ച കനേഡിയൻ വിമാനം നടത്തിയ തിരച്ചലിൽ കടലിൽ നിന്നുള്ള മുഴക്കം ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള തിരച്ചിൽ. വിക്ടർ 6000 റോബട്ട് സമുദ്രോപരിതലത്തിൽനിന്ന് 4 കിലോമീറ്റർ താഴെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് പേടകം തകർന്നെന്നും യാത്രക്കാർ മരിച്ചെന്നും സ്ഥിരീകരിച്ചത്.
കാനഡ, യുഎസ്, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബട്ടുകളും അഞ്ചാംദിവസവും തിരച്ചിലിൽ ഏർപ്പെട്ടിരുന്നു. കനേഡിയൻ കപ്പലിൽ നിന്നിറക്കിയ റോബട്ടും അടിത്തട്ടിലെത്തിയിരുന്നു. ഇതിനു പുറമേ, ജൂലിയറ്റ് എന്ന സമുദ്രപേടകം കൂടി ഇന്നലെ ഇറക്കി. 17000 ചതുരശ്രകിലോമീറ്റർ സമുദ്ര വിസ്തൃതിലായിരുന്നു തിരച്ചിൽ. എന്നാൽ ദൗത്യം ലക്ഷ്യം കണ്ടില്ല.
2009ൽ സ്റ്റോക്ടൻ റഷ് സ്ഥാപിച്ച ഓഷൻഗേറ്റ് കമ്പനി 2021 മുതൽ ടൈറ്റാനിക് പര്യവേക്ഷണം നടത്തുന്നുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 8.15നാണ് ടൈറ്റന്‍ യാത്ര തുടങ്ങിയത്. ഏഴു മണിക്കൂറിനുശേഷം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ഏകദേശം ഒന്നരമണിക്കൂറിനുശേഷം പോളാർ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആശയവിനിമയം നഷ്ടപ്പെട്ട വിവരം യുഎസ് കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കാന്‍ എട്ടു മണിക്കൂര്‍ വൈകിയെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോര്‍ട്ടു ചെയ്തു. പേടകത്തിന്റെ ഉടമകളും ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ല.
ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്.