തന്റെ അഭിനയ പ്രതിഭ കൊണ്ടും ഉരുക്കിനോളം ഉശിരുള്ള നിലപാടുകൾ കൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് പാർവതി തിരുവോത്ത്. ഒന്നിനോടൊന്ന് വ്യത്യാസപ്പെട്ട മികച്ച നിലപാടുള്ള സിനിമകളും കഥാപാത്രത്തോട് അങ്ങേയറ്റം ആത്മസമർപ്പണം നടത്തുന്ന നടിയുടെ അഭിനയരീതിയും മലയാളി പലകുറി പ്രശംസിച്ചിട്ടുള്ളതാണ്.
സംസ്ഥാന പുരസ്കാരങ്ങൾ അടങ്ങുന്ന നിരവധി ചലച്ചിത്ര പുരസ്കാരങ്ങൾ ഇതിനോടകം നേടിയ നടി മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ലുക്കുകൾ പരീക്ഷിക്കുന്നത് പ്രശസ്‌തിയിൽ നിന്ന് രക്ഷപ്പെടാനാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ‘വ്യത്യസ്ത ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുന്നത് എനിക്ക് ഇഷ്ടമാണ്. കഥാപാത്രത്തിൽ നിന്ന് പുറത്തു കടക്കാൻ അത് എന്നെ സഹായിക്കും. മാത്രവുമല്ല പ്രശസ്‌തിയിൽ നിന്ന് രക്ഷപ്പെടാനും വ്യത്യസ്തമായ ഹെയർ സ്റ്റൈലുകൾ എന്നെ സഹായിക്കാറുണ്ട്’ പാർവതി തിരുവോത്ത് പറഞ്ഞു.
ഒരു അഭിനേതാവായതു കൊണ്ട് പല കഥാപാത്രങ്ങളും തന്നെ വ്യക്തിപരമായി വളരാൻ സഹായിച്ചിട്ടുണ്ടെന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടമെന്നും പാർവതി പറഞ്ഞു. സ്ഥിരം വേഷങ്ങളിൽ നിന്ന് മാറി വ്യത്യസ്തമായ റോളുകൾ തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അത്തരം വേഷങ്ങൾ കിട്ടുന്നത് അപൂർവമായാണെന്നും പാർവതി കൂട്ടിച്ചേർത്തു.