Spread the love

കഠിനാധ്വാനത്തിലൂടെ തന്റെ പല കുറവുകളെ മറികടന്ന് മലയാള സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം വരുന്ന ടോപ് ഫൈവിൽ നിൽക്കുന്ന ആളാണിപ്പോൾ നടൻ ആസിഫ് അലി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങളായ തലവനും, ലെവൽ ക്രോസും, ഓണം റിലീസായ കിഷ്‍കിന്ധാ കാണ്ഡവുമൊക്കെ നടൻ എന്ന രീതിയിൽ ആസിഫിന് വലിയ പ്രശംസ തന്നെ നേടിക്കൊടുത്ത ചിത്രങ്ങൾ ആയിരുന്നു.

ഇതിൽ തന്നെ എടുത്തു പറയേണ്ട വിജയമായിരുന്നു കിഷ്‍കിന്ധാ കാണ്ഡത്തിന്റേത്. റിലീസിന്റെ ആദ്യ ദിവസങ്ങളിൽ 10 പേരും പോലും തികയാത്തതിനാൽ പല തീയേറ്ററുകളിലും ഷോ മുടങ്ങിയെങ്കിലും നല്ല ചിത്രങ്ങൾ വിജയിക്കുക തന്നെ ചെയ്യും എന്ന തത്വം അരക്കിട്ടുറപ്പിക്കും പോലെയായിരുന്നു ചിത്രത്തിന്റെ പിന്നീടങ്ങോട്ടുള്ള കസറൽ. മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയത്തിലേക്ക് ചുവട് വച്ച ചിത്രത്തിനിപ്പോൾ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്.

ചെയ്യുന്ന സിനിമകളുടെ തെരഞ്ഞെടുപ്പ് കൊണ്ടും അഭിനയത്തിലെ പ്രകടമായ ഇംപ്രൂവ്മെന്റ് കൊണ്ടും ആസിഫ് അലി സിനിമയിൽ ഏറെ വ്യത്യസ്തമായി നിലനിൽക്കുകയാണ്. മലയാളത്തിലെ ഏറ്റവും ബാങ്കബിൾ ആയ നടൻ എന്ന വിളിപ്പേരും ഇപ്പോൾ ആസിഫ് അലിക്കുണ്ട്. മലയാള സിനിമയിലെ മുതിർന്ന സംവിധായകർക്കൊപ്പം തുടക്കം കുറിക്കാൻ സാധിച്ചു എന്ന ഭാഗ്യം കൂടി ഈ നടനുണ്ട് . ഇപ്പോൾ ആസിഫ് എന്ന നടന്റെ അഭിനയത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മുതിർന്ന സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിബി മലയിലിനൊപ്പം വയലിൻ, ഉന്നം, അപൂർവരാഗം തുടങ്ങിയ ചിത്രങ്ങളിൽ ആസിഫ് അഭിനയിച്ചിട്ടുണ്ട്.

തന്റെ ചിത്രമായ അപൂർവ രാഗത്തിൽ അഭിനയിക്കുന്ന സമയത്ത് നന്നായി ഡാൻസ് ചെയ്യാൻ കഴിയാത്തതിന്റെ സങ്കടത്തിൽ ബൈക്കിന്റെ സൈഡിൽ ഇരുന്ന് കരഞ്ഞു കൊണ്ടിരിക്കുന്ന ആസിഫിനെ താൻ കണ്ടിട്ടുണ്ട്. അന്ന് തന്റെ അടുത്ത് വന്നു തനിക്ക് ഡാൻസ് ശരിയാകുന്നില്ലെന്നും തന്നെ ഒഴിവാക്കി തരണമെന്നും ആസിഫ് പറഞ്ഞു എന്നുമാണ് സംവിധായകൻ പറഞ്ഞത്. ഒരു നടൻ എന്ന നിലയിൽ അമ്പരപ്പിക്കുന്ന അഭിനേതാവായി ഇപ്പോൾ ആസിഫ് മാറിയെന്നും ഇനി നല്ല സിനിമകളുടെ ഭാഗമാകാൻ ശ്രദ്ധപുലർത്തേണ്ടത് ആസിഫ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply