ഇന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. രാജ്യത്തുടനീളം പ്രാർത്ഥനാ സേവനങ്ങളുമായാണ് ഗാന്ധിജയന്തി ആചരിക്കുന്നത്. സേവനവാരം ആചരിക്കുന്നതും ഗാന്ധിജയന്തിദിനം മുതലാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.
ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിക്കുമ്പോഴാണ് സത്യാഗ്രഹം എന്ന സമരമാർഗം ഗാന്ധിജി മുന്നോട്ടുവെക്കുന്നത്. ദക്ഷിണാഫ്രിക്കയെ ‘ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല’ എന്നു വിശേഷിപ്പിക്കുന്നത് ഇതിനാലാണ്. “ഏതു തരത്തിലുള്ള പീഡനത്തേയും അടിച്ചമർത്തലിനേയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കേണ്ടിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്”- ഗാന്ധി പറയുന്നു.
സത്യമാണ് തന്‍റെ ലക്ഷ്യമെന്നും അതിലേക്കുള്ള മാർഗമാണ് അഹിംസയെന്നും ഗാന്ധിജി അനുയായികളെ പഠിപ്പിച്ചു. ഗാന്ധിജിയുടെ ഈ ദർശനം മുന്നോട്ടുവെക്കുന്നതാണ് അദ്ദേഹത്തിന്‍റെ ആത്മകഥയായ “എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ” എന്ന പുസ്തകം.ബ്രിട്ടീഷ് ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങൾ അടയാളപ്പെടുത്തുംവിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്.