
മലയാള കവിതയുടെ കാൽപനിക വസന്തത്തിനു തുടക്കം കുറിച്ച കവി കുമാരനാശാന്റെ 98-ാം ചരമവാർഷിക ദിനമാണിന്ന്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ നവോത്ഥാനകവി ആണ്കുമാരനാശാൻ. 1873 ഏപ്രിൽ 12-ന് ചിറയിൻകീഴ്‌താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിച്ചത്. 1891-ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് കുമാരനാശാന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. ഇരുപതിനായിരത്തിൽപരം വരികളിൽ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ് ആശാന്‍റെ കാവ്യസമ്പത്ത്. ഗുരുവും വഴികാട്ടിയുമായ എ. ആറിന്‍റെ മരണത്തിൽ വിലപിച്ചുകൊണ്ട് ആശാൻ രചിച്ച പ്രരോദനം ആശാന്‍റെ പ്രശസ്തമായ വിലാപകാവ്യമാണ്. ആശാന്‍റെ പട്ടം കെട്ടിയ രാജ്ഞിയായാണ് അദ്ദേഹത്തിന്‍റെ കാവ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയ കരുണയെ വാഴ്ത്തപ്പെടുന്നത്. വീണപൂവ്, നളിനി ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ എന്നിവയാണ് ആശാന്‍റെ രചനകളിൽ മികച്ച് നിൽക്കുന്നത്. മഹാകവി 1924 ജനുവരി 16 ന് (51-ാം വയസിൽ) പല്ലനയാറ്റിൽ വച്ചുണ്ടായ റഡീമർ ബോട്ടപകടത്തിലാണ് വിടപറഞ്ഞത്.