അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കി മലയാളത്തിന്റെ ആകാശത്തു വിതച്ച മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ ജന്മദിനം. നവതിയുടെ പടിവാതിൽക്കലേക്കെത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ. നാലപ്പാട്ട് നാരായണമേനോന്റെയും ബാലാമണിയമ്മയുടേയും മാധവിക്കുട്ടി എന്ന കമലാസുരയ്യയുടേയും ഒക്കെ പുന്നയൂർക്കുളമാണ് അച്ഛന്റെ നാട്. അമ്മ അമ്മാളുവമ്മ അക്കിത്തത്തിന്റെ നാടായ കൂടല്ലൂരിൽ.
പിറന്നാളിന്റെ ഓർമ എന്ന കഥ ഉടനെ കടന്നു വരുന്നുണ്ട്. കർക്കടത്തിലെ ഉതൃട്ടാതി നാളിൽ ജനിച്ച എം ടി. ആ ദിവസത്തെക്കുറിച്ച് സമൃദ്ധമായതൊന്നും ഓർക്കാനില്ലാത്ത കഥ. മകന്റെ പിറന്നാളിന് ഇടങ്ങഴി അരി കൂടുതൽ ചോദിച്ചതിന് കാരണവരുടെ തല്ലുകൊണ്ട അമ്മയുടെ കുട്ടിയാണ്. പഞ്ഞമാസത്തിലെ ആ ഉണ്ണിയാണ് പിന്നെ അക്ഷരംകൊണ്ടു മുഴുവൻ മലയാളികളെയും ഊട്ടിക്കൊണ്ടിരിക്കുന്നത്.
ചിത്രകേരളം മാസികയിൽ വന്ന വിഷുക്കൈനീട്ടം ആണ് കൈനീട്ടങ്ങൾ കിട്ടാതിരുന്ന കൗമാരക്കാരൻ, പതിനേഴാം വയസ്സിൽ മലയാളത്തിനു നൽകിയ ആദ്യ വിഷുക്കൈനീട്ടം. കുറച്ചുനാൾ തളിപ്പറമ്പിൽ ഗ്രാമസേവകനും പിന്നെ അവിടെ നിന് മാതൃഭുമിയുടെ പത്രാധിപ സമിതിയിലേക്ക്. പത്രാധിപ സമിതിയിൽ എത്തും മുൻപേ തന്നെ വളർത്തുമൃഗങ്ങൾ എന്ന കഥയ്ക്കു മാതൃഭൂമിയിൽ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. അഞ്ചുവർഷം തികയും മുൻപ് മുറപ്പെണ്ണ് എന്ന സിനിമയുടെ തിരക്കഥ. ജ്ഞാനപീഠത്തോളം എത്തും മുൻപ് നേടിയ അസംഖ്യം പുരസ്‌കാരങ്ങൾ, പത്മഭൂഷണിലെത്തിയ രാജ്യത്തിന്റെ ആദരം.