Spread the love

1931 മേയ് മാസം ഇരുപത്തിയേഴാം തിയ്യതിയാണ് അദ്ദേഹം ജനിച്ചത്.

Today is ONV’s 90th birthday.

ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണു മുഴുവന് പേര്. മലയാളകാവ്യശാഖയുടെ വാക്കും പ്രഭയുമായിരുന്ന ഒ. എൻ. വി. ‘എവിടെയും എനിക്കൊരു വീടു ‘ണ്ടെ ന്നു വിശ്വസിക്കുകയും, മർത്യരാശിയെ മുഴുവൻ സ്നേഹിക്കുകയും ചെയ്ത വിശ്വകവിയാണ് അദ്ദേഹം.എങ്കിലും തികഞ്ഞ മാതൃഭാഷാഭിമാനിയുമായിരുന്നു.നാടകങ്ങൾ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന കാലമായിരുന്നു അത്.
സമകാലീനരായ ദേവരാജൻ മാഷിന്റെയും വയലാറിന്റെയും പോലെ നാടകങ്ങളുടെ ലോകത്തേക്ക് എത്തിപ്പെട്ടതോടെ ഒൻവിയുടെ വരികൾ ജനഹൃദയങ്ങളേറ്റുവാങ്ങിതുടങ്ങി.

1955ൽ പുറത്തിറങ്ങിയ കാലം മാറുന്നു എന്ന ചിത്രത്തിലൂടെ ദേവരാജൻമാഷിനൊപ്പം
ഒൻവിയും മലയാളചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു.വയലാറിനെയും ഭാസ്കരൻ മാഷിനെയും ശ്രീകുമാരൻതമ്പിയെയും പോലെയുള്ള പ്രതിഭകൾ തങ്ങളുടെ സർഗ്ഗസൃഷ്ടികൾകൊണ്ട് ആസ്വാദകമനസ്സുകൾ കീഴടക്കുന്ന കാലത്തിലായിരുന്നു ഒൻവിയുടെ ജൈത്രയാത്രയുടെ ആരംഭകാലമെന്നത് എടുത്തുപറയേണ്ടതാണ്.ആരെയും മത്സരബുദ്ധിയോടെ കാണാതെ നിർമ്മലമായ മനസ്സുമായി അദ്ദേഹം എഴുതിക്കൊണ്ടിരുന്നു.അഞ്ചുപതിറ്റാണ്ടുകൾ നീണ്ട ചലച്ചിത്രജീവിതത്തിൽ ആയിരത്തിമുന്നൂറിൽ പരം ഗാനങ്ങൾ ആ തൂലിക സൃഷ്ടിച്ചു. കവിതയുടെ ലാളിത്യവും സൗന്ദര്യവും ചാലിച്ചാണ് ഓരോ ഗാനങ്ങളും അദ്ദേഹം എഴുതിയത്. പ്രണയവും വിരഹവും ഗൃഹാതുരത്വത്തിന്റെ അങ്ങേയറ്റവുമൊക്കെ പടർന്ന അർത്ഥസമ്പുഷ്ടമായ വരികൾ. ഇന്നും നമ്മുടെയെല്ലാം ചുണ്ടിലും മനസ്സിലും ഭദ്രമായുള്ള അമൂല്യഗാനങ്ങൾ.

പെണ്ണിനെ അറിയാത്ത മുനികുമാരനെ വശീകരിക്കാൻ നിയോഗിക്കപ്പെടുന്ന സുന്ദരിയുടെ കഥ വൈശാലി എന്ന പേരിൽ ഭരതൻ ചലച്ചിത്രകാവ്യമാക്കിയപ്പോൾ ആ മനോഹരസൃഷ്ടിക്ക് തീർത്തും അനുയോജ്യമായ മധുരഗാനങ്ങളായിരുന്നു ഒൻവി എഴുതിയത്. ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരവും വൈശാലിയിലൂടെ അദ്ദേഹത്തിന് ലഭിച്ചു.

അദ്ദേഹം നൽകിയ ഗാനങ്ങളെല്ലാം മലയാളം ഉള്ളിടത്തോളം നിലനിൽക്കും. ആസ്വാദകഹൃദയങ്ങളിൽ തന്റെ ഭാവദീപ്തമായ വരികൾകൊണ്ട് പ്രകാശം ചൊരിഞ്ഞ മലർദീപമായിരുന്നു ഒൻവി കുറുപ്പ് എന്ന മഹാപ്രതിഭ.നല്ല പാട്ടുകൾ കൊണ്ട് ആത്മാവിൽ മുട്ടിവിളിച്ച ഒരാൾ..
പ്രിയപ്പെട്ട ഒ. എൻ വി. കുറുപ്പിന് നവതി പ്രണാമം…………..

Leave a Reply