1831 ജനുവരി 3ന് ജനിച്ച സാവിത്രിഭായ് ഫൂലെ, പെൺകുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കാതിരുന്ന കാലത്ത് അധ്യാപികയായ ആദ്യത്തെ ഇന്ത്യൻ വനിതയായിരുന്നു. ഇന്ത്യയിലെ മുൻനിര സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളാണ് സാവിത്രിഭായ് ഫൂലെ. സാവിത്രിഭായ് ഫൂലെയുടെ 191-ാം ജന്മവാർഷിക വേളയാണിന്ന്.
ഒൻപതാം വയസ്സിൽ വിവാഹിതയായപ്പോൾ സാവിത്രിഭായി വിദ്യാഭ്യാസം നേടിയിരുന്നില്ല. എന്നാൽ ഭർത്താവ് ജ്യോതിബ സാവിത്രിഭായിയെ വായിക്കാനും എഴുതാനും പഠിപ്പിച്ചു. ഭർത്താവ് ജ്യോതിബ ഫൂലെയുടെ സഹായത്തോടെ സാവിത്രിഭായി ഇന്ത്യയിൽ ആദ്യത്തെ പെൺകുട്ടികൾക്കായുള്ള വിദ്യാലയം സ്ഥാപിച്ചു. 1848ൽ പൂനെയിലെ ഭിഡെ വാഡയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ അധ്യാപികയും ആദ്യത്തെ ഹെഡ്മിസ്ട്രസുമായി മാറി. 1854ൽ ശൈശവ വധുക്കൾ, വിധവകൾ, കുടുംബങ്ങൾ അകറ്റി നിർത്തിയ സ്ത്രീകൾ എന്നിവർക്കായി ഒരു അഭയകേന്ദ്രം അവർ സ്ഥാപിച്ചു. ജ്യോതിബയുടെ സുഹൃത്ത് ഉസ്മാൻ ഷെയ്ഖിന്റെ സഹോദരിയും വിദ്യാസമ്പന്നയുമായ ഫാത്തിമ ബീഗം, ഷെയ്ഖ് ഭിഡെ വാഡ സ്കൂളിൽ സാവിത്രിഭായിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. രാജ്യത്തെ ആദ്യത്തെ മുസ്ലീം വനിതാ അധ്യാപികയാണ് ഫാത്തിമ ബീഗം. സാവിത്രിഭായി സതി ആചാരത്തിനും എതിരായിരുന്നു. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായവർക്കായി സാവിത്രിബായി ബൽഹത്യ പ്രതിബന്ധക് ഗൃഹ എന്ന പേരിൽ ഒരു കേന്ദ്രം സ്ഥാപിച്ചു. അവിടെ അവരുടെ കുട്ടികളെ പ്രസവിക്കാനും സംരക്ഷിക്കാനും അവരെ സഹായിച്ചു. 1897 മാർച്ച് 10ന് ബ്യൂബോണിക് പ്ലേഗ് രോഗം ബാധിച്ച് സാവിത്രിഭായി മരിച്ചു.