Spread the love

ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമാണിന്ന്. ജാതിമതഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിൻ്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിൻ്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. സാഹോദര്യവും സമത്വവും ദുർബലപ്പെടുത്തുന്ന വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് ഐക്യത്തോടെ നിൽക്കേണ്ട സന്ദർഭമാണിത്. എങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയർത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാൻ ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾക്കു സാധിക്കും. അവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിൻ്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്താനും ആത്‌മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകണം.

ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു (1856-1928).” ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം” എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.

  

താഴ്നന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പെടെ ദൈവാരാധാന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു.രണ്ടുതവണ ശ്രീലങ്ക സന്ദർശിക്കുകയും അവിടെ ക്ഷേത്ര പ്രതിഷ്ട നടത്തുകയും ചെയ്തു. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.

Leave a Reply