Spread the love
ഇന്ന് 66-ാം കേരളപ്പിറവി ദിനം

വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ കേരളം ഭൂപ്രദേശം ഭാഷയുടെ അടിസ്ഥാനത്തില്‍ ഒന്നായതിന്റെ ഓര്‍മപുതുക്കല്‍ ദിനമാണ് നവംബര്‍ ഒന്ന്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി നിലകൊണ്ട ഭൂപ്രദേശങ്ങളെ ഒത്തു ചേര്‍ത്ത് മലയാളം ഭാഷ സംസാരിക്കുന്നവര്‍ എന്ന നിലയില്‍ ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്നേക്ക് 66 വര്‍ഷമാകുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടു രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കുന്നത്.തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാം കൂര്‍ – കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു.ചുരുക്കത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. ഈ കേരളപ്പിറവി ദിനത്തില്‍ നമുക്ക് ഒത്തുചേര്‍ന്ന് പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം.

Leave a Reply