തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഒരു കിലോ തക്കാളിക്ക് നൂറ് രൂപയാണ് വില. മുരിങ്ങാക്കായ, ബീൻസ്, വെണ്ട തുടങ്ങിയവയ്ക്കും വില കൂടി. മഴ കനത്തതോടെ ഉത്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നത്.
ഒരു മാസം മുമ്പ് ചെറുനാരങ്ങയായിരുന്നു റെക്കോർഡ് വിലയുണ്ടായിരുന്നത്. പതുക്കെ ഇപ്പോൾ കിലോക്ക് അമ്പത് രൂപയിൽ എത്തിയപ്പോൾ തക്കാളിക്കായി തീവില. പച്ചക്കറി മാർക്കറ്റുകളിൽ നൂറ് രൂപയാണ് തക്കാളിയുടെ വിലയെങ്കിൽ കടകളിൽ 110 ഉം 120 ഉം ഒക്കെയാണ് വില. വെണ്ട കിലോയ്ക്ക് 60, മുരിങ്ങാക്കായ 60, ബീൻസ് 80, വഴുതന 80, കാരറ്റ് 40 ഇങ്ങനെ പോകുന്നു വിലക്കയറ്റം. മഴ കനത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. സവാളയ്ക്കാണ് ആശ്വാസം. 20 രൂപയ്ക്ക് ഒരു കിലോ കിട്ടും. മഴ കുറഞ്ഞാൽ വില കുറയുമെന്ന പ്രതീക്ഷയിലാണ് ആളുകൾ.