തിരുവനന്തപുരം: രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പത്തും പതിനഞ്ചും രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ എഴുപതു രൂപ വരെയാണ് വില. ഇനിയുള്ള ദിവസങ്ങളിലും വില കുതിച്ചുയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. തക്കാളിയുടെ വില നൂറു രൂപയ്ക്ക് മുകളിലായാലും വലിയ അത്ഭുതമില്ലെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.
കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള വരവു കുറഞ്ഞതാണ് തക്കാളി വില വര്‍ധിക്കാന്‍ കാരണം. ബംഗളൂരു ഉള്‍പ്പെടെയുള്ള നഗര മേഖലകളില്‍ തക്കാളിയുടെ വില കിലോയ്ക്ക് അറുപതു രൂപയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു കിലോ തക്കാളി പത്ത് രൂപയ്ക്കാണ് ലഭിച്ചു കൊണ്ടിരുന്നത്. കേരളത്തില്‍ പലസ്ഥലങ്ങളിലും തക്കാളി വില എഴുപത് രൂപയായിട്ടുണ്ട്.
ശക്തമായ മഴയാണ് തക്കാളി വരവു കുറയാനുള്ള കാരണമെന്നാണ് വിവരം. കര്‍ണാടകയിലെ കാര്‍ഷിക മേഖലകളായ ചിക്കബല്ലാപുര്‍, കോലാര്‍, ബംഗളൂരു റൂറല്‍ എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അതിനാല്‍ തന്നെ വിളവ് വലിയ തോതില്‍ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സവാള വിലയും വര്‍ധിച്ചിരുന്നു.