മലയിൻകീഴ് : ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ വീണ് വീടിന് നാശം. വീടിനുള്ളിൽ ഉണ്ടായിരുന്ന ഗൃഹനാഥൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കു. ശനിയാഴ്ച രാത്രിയാണ് വിളവൂർക്കൽ പഞ്ചായത്തിലെ മലയം കുഴിവിളയിൽ ജയകുമാർ വിൽസന്റെ വീടിനു മുകളിലൂടെയാണ് സമീപത്തെ കൂറ്റൻ പുളി മരവും തേക്കും വീണത്. ഷീറ്റിട്ട മേൽക്കൂര പൂർണമായും തകർന്നു. ചുവരുകൾ വിണ്ടുകീറി. ജയകുമാർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ജയകുമാർ പുറത്തേക്ക് ഇറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി മലയിൻകീഴ് – പാപ്പനംകോട് റോഡിൽ വിളവൂർക്കൽ ചന്തയ്ക്കു സമീപം കൂറ്റൻ മരം കടപുഴകി വീണു, രാത്രി റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല.
സമീപത്തെ ബസ്‌സ്റ്റോപ്പിനു ചെറിയ തകരാർ ഉണ്ടായി. മലയിൻകീഴ് പണ്ടാരകണ്ടം ഭാഗത്തും മരം റോഡിൽ വീണ് ഗതാഗതതടസ്സം ഉണ്ടായി. വിളവൂർക്കൽ പഞ്ചായത്തിലെ വിഴവൂർ വാർഡിലെ ചേനവിള ഷാനു നിവാസിൽ അനിലിന്റെ വീടിനോട് ചേർന്നുള്ള പതിനഞ്ചടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു. കരിങ്കല്ല് കൊണ്ടു നിർമിച്ച ഭിത്തിയാണ് ഇന്നലെ മഴയിൽ തകർന്നത്. വിളവൂർക്കൽ മലയം തൊഴുപുരവിള രമ്യയുടെ വീടിന്റെ അടിസ്ഥാനത്തിലെ ഭാഗം ഉൾപ്പെടെ മൺതിട്ട ഇടിഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ മണ്ണിടിച്ചിൽ തുടരുകയാണ്. വീടുകൾ നിറഞ്ഞ ഈ ഭാഗത്ത് തോടിന് സംരക്ഷണ സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം അധികൃതർ നടപ്പാക്കുന്നില്ല. വിളവൂർക്കൽ, മലയിൻകീഴ് , വിളപ്പിൽ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടത്തിൽ വെള്ളം കെട്ടി നിൽക്കുന്നതിൽ കർഷകർ ആശങ്കയിലാണ്. മലയിൻകീഴ് വലിയറത്തല ഏലായിൽ ഏക്കറുകണക്കിന് കൃഷി സ്ഥലത്താണ് വെള്ളംകെട്ടി നിൽക്കുന്നത്.