Spread the love

ഒറ്റപ്പാലം : കാർ ഓടിക്കുന്നതിനിടെ ഇടതുകൈകാെണ്ടു ചെവിയിൽ താെട്ട യുവാവിനു മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന പേരിൽ പിഴ. കയറംപാറ പാതിരിക്കോട് അറയ്ക്കൽനാലകത്ത് മുഹമ്മദിനെയാണു തിരുവില്വാമല റോഡിൽ ലക്കിടി മിത്രാനന്ദപുരത്തെ റോഡ് ക്യാമറ ചതിച്ചത്.വാഹനം ഓടിക്കുന്നതിനിടെ മാെബൈൽ ഫോൺ ഉപയോഗിച്ചതിനാണു 2,000 രൂപ പിഴയെന്നാണു നോട്ടിസിലെ വിശദീകരണം. കഴിഞ്ഞ മാസം 13നു രാത്രി 7.35ന് ആണു മുഹമ്മദ് ഭാര്യാപിതാവിനാെപ്പം കാറിൽ മിത്രാനന്ദപുരം വഴി പോയത്.

കാർ ഓടിച്ചിരുന്ന മുഹമ്മദ് ഇടതുകൈ കാെണ്ട് ഇടതു ചെവിയിൽ താെടുന്നതു മോട്ടർ വാഹന വകുപ്പ് അയച്ച നോട്ടിസിലെ ചിത്രത്തിലുണ്ടെങ്കിലും കയ്യിൽ മാെബൈൽ ഫോൺ ഇല്ലെന്നു വ്യക്തമാണെന്നു ബന്ധുക്കളുടെ സാക്ഷ്യം. ചെവി ചാെറിഞ്ഞതാണെന്നാണു ജോലിക്കായി വിദേശത്തേക്കു പോയ മുഹമ്മദിന്റെ വിശദീകരണമെന്നു ബന്ധുക്കൾ പറയുന്നു. അതേസമയം, കാറിന്റെ മുൻസീറ്റിലുണ്ടായിരുന്ന ഭാര്യാപിതാവ് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിൽ ചുമത്തിയ 500 രൂപ പിഴ ഇവർ ശരിവയ്ക്കുകയും ചെയ്യുന്നുണ്ട്.

മുഹമ്മദ് വിദേശത്തേക്കു പോയതിനു പിന്നാലെയാണു വീട്ടിൽ നോട്ടിസ് എത്തിയത്. ഇരു നിയമലംഘനങ്ങൾക്കുമായി ആകെ 2500 രൂപ പിഴ അടയ്ക്കണമെന്നാണു നോട്ടിസിലെ നിർദേശം. മുഹമ്മദിന്റെ സഹോദരന്റെ പേരിലാണു കാർ.

Leave a Reply