പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഒരിക്കൽക്കൂടി ഇടതു സ്ഥാനാർഥി ജെയ്ക് സി.തോമസിന് തോൽവിയുടെ കയ്പുനീർ. വിജയത്തിന്റെ കോളത്തിൽ പേര് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റേതെങ്കിലും, ജെയ്ക്കിന്റെ തുടർച്ചയായ മൂന്നാം തോൽവിക്കു പിന്നിലും അദൃശ്യശക്തിയായി നിറയുന്നത് സാക്ഷാൽ ഉമ്മൻ ചാണ്ടി. അര നൂറ്റാണ്ടിലധികം കാലം മണ്ഡലത്തിനൊപ്പം നിന്ന പ്രിയ നേതാവിനോട് മരണശേഷവും പുതുപ്പള്ളിക്കാർ കൂറു കാട്ടിയതോടെ, മൂന്നാം തിരഞ്ഞെടുപ്പു പോരാട്ടത്തിലും ജെയ്ക്കിന് ജയമില്ല. ഉമ്മൻ ചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ സ്നേഹവായ്പ് നേട്ടമാക്കിയ മകൻ ചാണ്ടി ഉമ്മന്, കന്നി തിരഞ്ഞെടുപ്പു പോരാട്ടത്തിൽ ചരിത്ര വിജയം. ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയ വികാരനിർഭരമായ അന്ത്യയാത്രയുടെ അലയൊലികൾ ഒരിക്കൽക്കൂടി പുതുപ്പള്ളിയിൽ ആഞ്ഞടിച്ചതോടെ, എൽഡിഎഫിന്റെ എല്ലാ തിരഞ്ഞെടുപ്പു തന്ത്രങ്ങളും ഉമ്മൻ ചാണ്ടി തരംഗത്തിൽ മുങ്ങി. ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പലകുറി ആവർത്തിച്ച പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്, ആ വാക്കുകൾ ഇനി വിഴുങ്ങാം. അധികം അകലെയല്ലാത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ സിപിഎമ്മിനെ വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കുന്നതു കൂടിയായി പുതുപ്പള്ളി ഫലം.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറച്ചതിന്റെ ആത്മവിശ്വാസത്തിൽ മത്സരത്തിനിറങ്ങിയ ജെയ്ക്, മണ്ഡലത്തിലെ റെക്കോർഡ് തോൽവിയുടെ ഭാരവുമാണ് തിരികെ കയറുന്നത്. പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ തോൽവിയുടെ കാരണം തിരഞ്ഞുള്ള അന്വേഷണം ഉമ്മൻ ചാണ്ടിയിൽത്തന്നെ എത്തുമെങ്കിലും, ആ തോൽവിയുടെ കടുപ്പം കൂട്ടിയ ഘടകങ്ങൾ ഒട്ടേറെ. ഉമ്മൻ ചാണ്ടിയുടെ വിയോഗവാർത്തയുടെ വേദന മാറും മുൻപേ ചികിത്സാവിവാദം ഉൾപ്പെടെ ഉയർത്തി സിപിഎം പ്രാദേശിക നേതൃത്വം കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ എതിർ പ്രചാരണങ്ങൾ മുതൽ, മകൾ ടി.വീണ ഉൾപ്പെട്ട സാമ്പത്തിക വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം വരെ ഇടതു തോൽവിയുടെ ആഘാതം കൂട്ടിയെന്നു വേണം കരുതാൻ. സംഘടനാശക്തിയും മുന്നണി വിപുലീകരണവും സ്ഥാനാർഥി ജെയ്ക് സി.തോമസിന്റെ ഊർജസ്വലതയും മുന്നേറ്റത്തിന് ഇന്ധനമാകുമെന്ന് സിപിഎം പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. എൽഡിഎഫ് പ്രചാരണത്തിൽ വീഴ്ച വന്നതായി മുന്നണിയിലെ സഖ്യകക്ഷിയായ സിപിഐ തന്നെ കുറ്റപ്പെടുത്തിയതും ഈ തോൽവിയോടു കൂട്ടിവായിക്കാം. സ്പീക്കർ എ.എൻ.ഷംസീർ കൊളുത്തിവിട്ട മിത്ത് വിവാദം, ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ ഉന്നമിട്ടുള്ള സൈബർ ആക്രമണം, സതിയമ്മയോടുള്ള സർക്കാർ ‘ചതി’, നടൻ ജയസൂര്യ ഉയർത്തിയ കൃഷിക്കാരുടെ പ്രതിസന്ധി, എ.സി.മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ്, ഓണക്കിറ്റ് ഒരു വിഭാഗം ആൾക്കാർക്കു മാത്രമാക്കി ചുരുക്കിയത് എന്നിങ്ങനെ, ഇടതു സ്ഥാനാർഥിയുടെ തോൽവിയുടെ ആക്കം കൂട്ടിയ ഒട്ടേറെ ഘടകങ്ങളുണ്ട്