Spread the love

പണിയെല്ലാം പൂർത്തിയായി. ഉടൻ തുറന്നു നൽകുമെന്നും അറിയിച്ചു. എന്നാൽ, ഉദ്ഘാടനത്തിനായി മന്ത്രിയെയും കാത്തുകിടക്കുകയാണ് ഈ ടൂറിസം കേന്ദ്രങ്ങൾ. തുറന്ന് പ്രവർത്തിക്കാത്തതു മൂലം ലക്ഷങ്ങളുടെ വരുമാനനഷ്ടമാണ് സർക്കാരിനുണ്ടാകുന്നത്. ഉദ്ഘാടനം നീണ്ടുപോയാൽ, കോടികൾ മുടക്കി നിർമിച്ച ഈ കേന്ദ്രങ്ങൾ വെറുതേ കിടന്നു നശിക്കും…

ഇടുക്കി കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്
ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഇടുക്കി കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ ഉദ്ഘാടനം എന്നു നടത്തും എന്നതു സംബന്ധിച്ചു ഇനിയും തീരുമാനമായിട്ടില്ല. ഇടുക്കി ആർച്ച് അണക്കെട്ടിന്റെ താഴ്‌വാരത്തായി 5 ഏക്കറിലാണ് സ്മാരക വില്ലേജിന്റെ നിർമാണം. 10 കോടി രൂപയുടെ പദ്ധതിക്ക് 2019 ലാണ് സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നൽകിയത്. ഒന്നാം ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് കഴിഞ്ഞത്.

എന്തെല്ലാം: പാളത്തൊപ്പി അണിഞ്ഞ കർഷകന്റെ രൂപത്തിലാണ് പ്രവേശന കവാടം. പ്രതിമകളായി എകെജിയും ഫാദർ വടക്കനുമെല്ലാം ഇക്കൂട്ടത്തിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു. കുടിയേറ്റ ഗ്രാമങ്ങളും, കാർഷിക വൃത്തിയും, മലയോരത്തെ ഉരുൾപൊട്ടലിന്റെ ഭീകരമായ മുഖവുമെല്ലാം ഇതിനു പിന്നാലെയുണ്ട്. ഏറ്റവും മുകളിലായി ആർട്ട് ഗാലറിയും ഉണ്ട്.
ആമപ്പാറ ഇക്കോ ടൂറിസം പദ്ധതി
ടിക്കറ്റ് കൗണ്ടർ, സുരക്ഷാ വേലി, വാച്ച് ടവർ, നടപ്പാതകൾ, ലൈറ്റുകൾ, ഇലക്ട്രിക്കൽ, പ്ലമിങ് ജോലികൾ, സഞ്ചാരികൾക്ക് കാഴ്ചകണ്ടു വിശ്രമിക്കാനുള്ള ബെഞ്ചുകൾ, ശുചിമുറി ബ്ലോക്ക് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ചത്. എന്നാൽ, പദ്ധതി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടന തീയതി തീരുമാനിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ചു വ്യക്തതയില്ല. കഷ്ടിച്ച് ഒരാൾക്കു മാത്രം കടന്നുപോകാൻ കഴിയുന്ന പാറയിടുക്കാണ് ആമപ്പാറയുടെ പ്രധാന ആകർഷണം.

ഇവിടേക്കുള്ള ഓഫ് റോഡ് ജീപ്പ് സവാരിയും ആമപ്പാറയെ സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു. ദൂരക്കാഴ്ചയിൽ ആമയുടെ രൂപത്തോടു സാദൃശ്യമുള്ള ആമപ്പാറയിൽ നിന്ന് രാമക്കൽമേട്ടിലെ കുറവൻ–കുറത്തി ശിൽപം, മലമുഴക്കി വേഴാമ്പൽ വാച്ച് ടവർ, താഴ്‌വരയിലെ തമിഴ്നാടിന്റെ ഗ്രാമഭംഗി എന്നിവ ആസ്വദിക്കാം. തൃശൂർ ആസ്ഥാനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡാണ് (സിൽക്ക്) നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. വിനോദസഞ്ചാര വകുപ്പിൽനിന്ന് ആകെ 3.21 കോടി രൂപ ചെലവഴിച്ച് 2 ഘട്ടങ്ങളിലായിട്ടായിരുന്നു നിർമാണം.

പഴയ മൂന്നാറിലെ കുട്ടികളുടെ പാർക്ക്
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) നേതൃത്വത്തിൽ 3.65 കോടി രൂപ ചെലവിട്ട് നിർമിച്ച പാർക്കും നടപ്പാതയുമാണ് നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്തിട്ടില്ല. കുട്ടികൾക്കുള്ള വിവിധ കളികൾ, വിശ്രമകേന്ദ്രം, ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റ്, വൈദ്യുതാലങ്കാരങ്ങൾ, പൂന്തോട്ടം, ഊഞ്ഞാലുകൾ എന്നീ സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്.

പഴയ മൂന്നാറിലെ ടേക്ക് എ ബ്രേക്ക് മുതൽ ഹൈറേഞ്ച് ക്ലബ് ആട്ടുപാലം വരെയുള്ള 450 മീറ്റർ ദൂരത്താണ് മുതിരപ്പുഴയുടെ തീരത്ത് പുതിയ പുഴയോര നടപ്പാത നിർമിച്ചിരിക്കുന്നത്. പൂന്തോട്ടങ്ങൾ, വൈദ്യുതി അലങ്കാരങ്ങൾ, ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങളാണ് നടപ്പാതയുടെ ഭാഗമായി നിർമിച്ചിട്ടുള്ളത്. വിനോദ സഞ്ചാരികൾക്ക് മുതിരപ്പുഴയുടെ തീരത്തു കൂടി പുഴയുടെ സൗന്ദര്യവും മൂന്നാറിന്റെ തണുപ്പും ആസ്വദിച്ച് നടക്കുന്നതിനും വിശ്രമിക്കുന്നതിനുമാണ് ടൈൽ വിരിച്ച നടപ്പാത നിർമിച്ചത്. നിർമാണങ്ങൾ പൂർത്തിയായതിനെ തുടർന്ന് 2023 ഓഗസ്റ്റ് 25ന് നടപ്പാതയും പാർക്കും ഉദ്ഘാടനം നടത്തി സഞ്ചാരികൾക്ക് തുറന്നുകൊടുക്കുമെന്ന് ഡിടിപിസി പറഞ്ഞിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇവ തുറന്നു നൽകാത്തതിനാൽ ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്.

Leave a Reply