Spread the love

കോട്ടയം ∙ പ്രചാരണം അവസാനമണിക്കൂറുകളിലേക്കു കടക്കവേ ആവേശക്കൊടുമുടിയിൽ പുതുപ്പള്ളി. കൊടിതോരണങ്ങൾ ഉയർത്തിയും ആർപ്പുവിളിച്ചും ചുവടുകൾവച്ചും പുതുപ്പള്ളിയിൽ പ്രവർത്തകർ ആവേശക്കടൽ തീർക്കുകയാണ്. അവസാനവോട്ടും ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലാണു സ്ഥാനാർഥികൾ. അവസാന റൗണ്ടിൽ പരമാവധി സ്ഥാനാർഥികളെ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർ‌ഥികൾ. പാമ്പാടി കേന്ദ്രീകരിച്ചാണ് കലാശക്കൊട്ടിനുള്ള തയാറെടുപ്പുകൾ നടക്കുന്നത്. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്.യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനു വേണ്ടി വോട്ട് അഭ്യർഥിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ മണ്ഡലത്തിലുണ്ട്. ശശി തരൂർ റോഡ് ഷോയ്ക്ക് എത്തിയിട്ടുണ്ട്. പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വവലിയ വിജയം സ്വന്തമാക്കുമെന്ന പ്രതീക്ഷയാണ് അവസാന നിമിഷങ്ങളിൽ യുഡിഎഫ് പ്രവർത്തകർ പങ്കുവയ്ക്കുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാർക്ക് ഏറ്റവും സ്വീകാര്യനായ സ്ഥാനാർഥിയാണ് ചാണ്ടി ഉമ്മനെന്നും ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും പ്രവർത്തകർ പറയുന്നു.എൽഡിഎഫ് സ്ഥാർഥി ജെയ്ക് സി. തോമസിന്റെ പ്രചാരണാർഥം മന്ത്രിമാരടക്കം പ്രമുഖ നേതാക്കളാണ് മണ്ഡ‍ലത്തിൽ എത്തിയിട്ടുള്ളത്. പുതുപ്പള്ളിയിൽ ജെയ്ക്കിന് അനുകൂലമായ സാഹചര്യമാണെന്ന് മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജെയ്ക്കിന് ജനപിന്തുണ കൂടിയിട്ടുണ്ടെന്നും നിലവിൽ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകൾ ഭരിക്കുന്നത് എൽഡിഎഫ് ആണെന്നും മന്ത്രി പറഞ്ഞു. എൻഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലും സജീവ പ്രചാരണത്തിലാണ്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്. ഒപ്പം വിശ്വാസി സമൂഹത്തിന്റെ വോട്ടുകൾ അനുകൂലമാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. ഇടതു, വലതു മുന്നണികൾക്ക് നേടാനാവാത്ത വികസന നേട്ടങ്ങൾ എൻഡിഎ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെയാണ് മുന്നണി പ്രചാരണം കൊഴുപ്പിക്കുന്നത്.

Leave a Reply