Spread the love

വയനാട്ടിലെ ദുരന്തബാധിതരുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുകയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നാലു ഘട്ടങ്ങളിലായാണ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളത്. ബന്ധുവീട്ടിൽ പോവാൻ താൽപ്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്പോൺസർഷിപ്പിന്റെ ഭാ​ഗമായി വാടകവീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടകവീടുകൾ എന്നിങ്ങനെയാണത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അം​ഗ സംഘത്തിന്റെ വിശദമായ സർവ്വേ നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.

ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മറ്റെല്ലാവരുമായും കൂടിയാലോചിച്ച് കൊണ്ടാണ് തീരുമാനമെടുക്കുക. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. സ്കൂൾ, ആശുപത്രി, കൃഷി, റോഡ്, വാഹന സൗകര്യം, ഉപജീവനമാർ​ഗം, സ്കിൽ ഡെവലപ്മെന്റ് സെന്റർ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. മാനസികമായ പിന്തുണയ്ക്ക് വേണ്ടി സ്ഥിരമായി കൗൺസലിം​ഗ് സംവിധാനം കൂടി ഏർപ്പെടുത്തും. നിർമാണഘട്ടത്തിൽ ദുരന്തബാധിതർക്ക് തൊഴിൽ സാധ്യതയുണ്ടാവുമോ എന്ന് പരിശോധിക്കും. ഒറ്റപ്പെട്ടുപോയ ഒരുപാട് പേരുണ്ട്. അവരെ വീട്ടിൽ ഒറ്റയ്ക്ക് താമസിപ്പിക്കാനാവില്ല. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നു പോവുന്ന അവർക്ക് ലോക്കൽ ​ഗാർഡിയനായി സർക്കാർ ഉദ്യോ​ഗസ്ഥനുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply