ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് ടി. എന്‍ കൃഷ്ണന്‍ അന്തരിച്ചു. 92 വയസായിരുന്നു അദ്ദേഹത്തിന്. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. വയലിനില്‍ വ്യത്യസ്ത താളം തീര്‍ത്ത അദ്ദേഹം രാജ്യത്തിനകത്തും പുറത്തുമായി 25,000ത്തിലധികം കച്ചേരികള്‍ നടത്തുകയുണ്ടായി. പാലക്കാട് നെന്മാറ അയിരൂര്‍ സ്വദേശിനിയായ കമലയാണ് പത്നി. മക്കള്‍: വിജി കൃഷ്ണന്‍, ശ്രീറാം കൃഷ്ണന്‍. ശ്രീറാം കൃഷ്ണന്‍ അറിയപ്പെടുന്ന വയലിനിസ്റ്റാണ്. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. എന്‍. രാജം, ഇദ്ദേഹത്തിന്റെ സഹോദരിയാണ്.
1928 ഒക്ടോബര്‍ ആറിന് തൃപ്പൂണിത്തുറ ഭാഗവതര്‍ മഠത്തില്‍ എ. നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി ജനനം. ലാല്‍ഗുഡി ജയരാമന്‍, എം.എസ്. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരടങ്ങിയ കര്‍ണാടക സംഗീതത്തിന്റെ വയലിന്‍-ത്രയത്തിന്റെ ഭാഗമായിരുന്നു ടി എന്‍ കൃഷ്ണന്‍. അച്ഛനായിരുന്നു സംഗീതത്തില്‍ അദ്ദേഹത്തിന്റെ ഗുരു. അദ്ദേഹം ഏഴാം വയസ്സിലാണ് പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വച്ച് അരങ്ങേറ്റം കുറിച്ചത് . ചെമ്ബൈ വൈദ്യനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മുസിരി സുബ്രഹ്മണ്യയ്യര്‍, മധുരൈ മണി അയ്യര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പവും വയലിന്‍ വായിച്ചിട്ടുണ്ട്.
പത്മശ്രീ(1973), പത്മഭൂഷണ്‍(1992), സംഗീത നാടക അക്കാദമി അവാര്‍ഡ്(1974),ഫെല്ലോഷിപ്പ്, സംഗീത കലാനിധി (1980), ചെന്നൈ ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സംഗീത കലാശിഖാമണി പുരസ്കാരം എന്നിങ്ങനെ നിപവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.