അരൂർ∙ തുറവൂർ– അരൂർ ആകാശപ്പാത നിർമാണ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കു കൂടുതൽ അനുഭവപ്പെടുന്ന സ്ഥലത്ത് ട്രാഫിക് മാർഷൽമാരെ നിയോഗിക്കുന്നു. അരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 പേരെയാണു നിയോഗിക്കുന്നത്. ഇതിൽ 10 പേർ അരൂർ സ്റ്റേഷൻ പരിധിയിലായിരിക്കും ഡ്യൂട്ടി. ഗതാഗതക്കുരുക്കു രൂക്ഷമായതിനെ തുടർന്നു ജനകീയ രോഷം ശക്തമായതിനെ തുടർന്നാണു ട്രാഫിക് ഡ്യൂട്ടിക്ക് ആളെ നിയമിക്കാൻ തീരുമാനിച്ചത്.
ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്ന അരൂർ, ചന്തിരൂർ, എരമല്ലൂർ ഭാഗങ്ങളിലായിരിക്കും ഡ്യൂട്ടി. ആകാശപ്പാത നിർമാണ കമ്പനിയുടെ തൊഴിലാളികളെത്തന്നെയാണു ഡ്യൂട്ടിക്കു നിയോഗിക്കുന്നത്. അരൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ട്രാഫിക് ഡ്യൂട്ടിക്കാർക്കു പരിശീലനം നൽകി. ഒരു സ്ഥലത്ത് 2 പേരെ വീതം നിയോഗിക്കും. 2 മണിക്കൂർ കഴിയുമ്പോഴും 2 പേർ വീതം മാറിമാറി നിന്നു ഗതാഗതം നിയന്ത്രിക്കും.
സിംഗിൾ ലൈൻ ട്രാഫിക് സംവിധാനമാണു നടപ്പാക്കുന്നത്. പാതയുടെ ഇരുവശങ്ങളിലും സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയായി ഗതാഗതത്തിനു സജ്ജമാക്കിക്കഴിഞ്ഞാൽ ട്രാഫിക് ഡ്യൂട്ടിക്കാരെ പിൻവലിക്കും.